മോന്‍സൺ മാവുങ്കലിന്‍റെ ഗോഡൗണിൽ തിമിംഗലത്തിന്‍റെ എല്ലും; 'ഒറിജിനൽ' ആണോയെന്ന്​ പരിശോധിക്കും

കൊച്ചി​: പുരാവസ്​തു തട്ടിപ്പ്​ കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്‍റെ ഗോഡൗണിൽ നിന്ന്​ തിമിംഗലത്തിന്‍റെ എല്ല് വനംവകുപ്പ് പിടിച്ചെടുത്തു. കാക്കനാട്ടെ ഒരു കെട്ടിടത്തിൽ നിന്നാണ് മോന്‍സന്‍ ഒളിപ്പിച്ചുവച്ചിരുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.

ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിമിംഗലത്തിന്‍റെ എല്ല് വനംവകുപ്പ് പിടിച്ചെടുത്തത്​. രണ്ടു നീളൻ എല്ലുകളാണ്​ പിടികൂടിയത്​.

മോണ്‍സന്‍റെ പുരാവസ്തു മ്യൂസിയത്തിലാണ് തിമിംഗിലത്തിന്‍റെ എല്ലുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, തട്ടിപ്പു പുറത്തു വന്നതിനു പിന്നാലെ അറസ്റ്റിന് മൂന്നുദിവസം മുമ്പ് ഇവ മ്യൂസിയത്തില്‍ നിന്ന് മാറ്റിയിരുന്നു. എല്ലുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. മോന്‍സന്‍റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കള്‍ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

സാമ്പത്തിക തട്ടിപ്പു കേസുകൾക്ക്​ പുറമെ മോൻസൺ മാവുങ്കലിലനെതിരെ പൊലീസ് പോക്സോ കേസും എടുത്തിരുന്നു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്തെന്ന പെൺകുട്ടിയുടെ പരാതിയിലാണ് മോൻസണിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ മാവുങ്കലിന്‍റെ മേക്കപ്പ് മാൻ ജോഷിയും അറസ്റ്റിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.