പ്രവാസികളുടെ മടങ്ങിവരവ് : വെൽഫെയർ പാർട്ടി 100 പേരുടെ കൂടി യാത്രാ ചിലവ് വഹിക്കും

തിരുവനന്തപുരം: ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികളിൽ 100 പേരുടെ യാത്രാ ചിലവ് കൂടി  വെൽഫെയർ പാർട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച 300 ടിക്കറ്റുകൾക്ക് പുറമെയാണിത്. കൾച്ചറൽ ഫോറം ഖത്തർ, പ്രവാസി ഇന്ത്യ യു.എ .ഇ, പ്രവാസി സൗദി അറേബ്യ, വെൽഫെയർ കേരള കുവൈറ്റ്, പ്രവാസി വെൽഫെയർ ഫോറം ഒമാൻ, വെൽഫെയർ ഫോറം സലാല, സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ എന്നീ സംഘടനകളുമായി സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്. ടിക്കറ്റിന് അർഹരായവരെ കണ്ടെത്തുന്നത് പ്രവാസി സംഘടനകളാണ്. 

മടങ്ങിയെത്താൻ കഴിയാതെ പ്രവാസികൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ആവശ്യത്തിന്  വിമാനങ്ങൾ ഏർപ്പെടുത്താതെയും ഗൾഫ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് അനുമതി നൽകാതെയും കേന്ദ്ര സർക്കാർ പ്രവാസികളെ പ്രയാസപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന ചാർജ് ഈടാക്കി സ്വന്തം പൗരൻമാരെ ദുരന്ത കാലത്ത് കൊള്ളയടിക്കുന്ന അപമാനകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.  ആവശ്യത്തിന് ക്വറൻറീൻ സൗകര്യം ഏർപ്പെടുത്തി കൂടുതൽ വിമാനങ്ങൾ അനുവദിച്ച് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും  എത്രയും വേഗം തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എംബസികൾക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ ഫണ്ട്  ടിക്കറ്റിനും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും  ചിലവഴിക്കണം. കേരളത്തിലേക്ക് ഇപ്പോൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്ന പ്രവാസികൾക്കും നോർക്ക പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും വേഗം  നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - welfare release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.