തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.
വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിന്‍റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നു.
ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയുള്ളത്. സാര്‍വത്രിക ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തിക്കുന്നു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് പ്രതിമാസം 1050 കോടിയോളം രൂപ വേണ്ടി വരും. പ്രതിവര്‍ഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം.
ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയാണ്. ഒമ്പതര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80, 671 കോടി രൂപ. ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേര്‍ക്കുമാത്രം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികള്‍ക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുന്നു.
ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പിണറായി സര്‍ക്കാരുകളാണ്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 100 രൂപ വര്‍ധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെന്‍ഷൻ ഒന്നാം പിണറായി സർക്കാർ 1600 രൂപയിലേക്ക് ഉയർത്തി. അത് ഈ സർക്കാർ 2000 രൂപയായി വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.