കോഴിക്കോട്: ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ടുള്ള പിടിച്ചുപറിയാണ് കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള തീരുമാനത്തോടെ സംസ്ഥാന സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കിഫ്ബി റോഡുകളിൽ ചുങ്കപ്പിരിവ് നടത്തി ജനങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ നീക്കമെങ്കിൽ ജനങ്ങളെ അണിനിരത്തി തടയുമെന്നും ഉത്തരമേഖല നേതൃസംഗമം രാമനാട്ടുകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ലംഘനമാണ് ടോൾ പിരിവ്. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ എന്ന പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഒട്ടുമിക്ക കിഫ്ബി റോഡുകളും ആ പരിധിക്കുള്ളിൽ വരും.
കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നതുവഴി ജനങ്ങളുടെ ജീവിതച്ചെലവുകൾ ഇനിയും വർധിക്കും. വിലക്കയറ്റം കാരണം മുതുക് നിവർത്താൻ ആവാതെ നിൽക്കുകയാണ് കേരളത്തിലെ ജനങ്ങൾ. ദേശീയപാത സമ്പൂർണമായും ടോൾ പാതയായി മാറാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് അധ്യക്ഷതവഹിച്ചു. ദേശീയ സെക്രട്ടറി ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. അഷ്റഫ്, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന, സി.പി. ഹബീബുറഹ്മാൻ, ബിലാൽ കൊല്ലങ്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.