തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റ കേന്ദ്ര സർക്കാർ നീക്കം തടയണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരി​േൻറയും രാഷ്ട്രീയ സംഘടനകളുടെയും പൊതുജനങ്ങളുടെയും എതിർപ്പ് വകവെക്കാതെ തിരുവനന്തപുരം വിമാനത്താവളം ബിജെപിയുടെ കോർപ്പറേറ്റ് ചങ്ങാതിയായ അദാനിക്ക് 50 വർഷത്തേക്ക് തീറെഴുതി നൽകാനുള്ള തീരുമാനം രാജ്യത്തെ സമ്പൂർണ്ണമായി വിറ്റു തുലക്കാനുള്ള കേന്ദ്ര സർക്കാരിൻെറ നടപടിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം പറഞ്ഞു. ജനാധിപത്യത്തിലും രാജ്യ പുരോഗതിയിലും ഒട്ടും താൽപര്യമില്ലാത്തവരാണ് മോദി സർക്കാർ. രാജ്യത്തിൻെറ സാമ്പത്തിക സുസ്ഥിതിയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ചെറുത്തു നിൽപ്പ് രൂപപ്പെടണം. തിരുവനന്തപുരമടക്കം എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള മൂന്ന് വിമാനത്താവളങ്ങളാണ് നരേന്ദ്ര മോദിയുടെ സാമ്പത്തിക സഹായിയും സംഘ്പരിവാറിൻെറ വിശ്വസ്ത വ്യവസായിയുമായ ഗൗതം അദാനിക്ക് പതിച്ചുനൽകുന്നത്. നേരത്തെ തന്നെ എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ള മറ്റു നാല് വിമാനത്താവളങ്ങൾ പൂർണമായി അദാനി ഗ്രൂപ്പിന് നൽകിയിരുന്നു.

വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് പരിചയസമ്പന്നതയുള്ള കേരള വ്യവസായ വികസന കോർപ്പറേഷനെ (കെ.എസ്.ഐ.ഡി.സി) ആസൂത്രിതമായി പുറന്തള്ളിയാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം തീറെഴുതി നൽകിയത്. വിമാനത്താവളം സ്വകാര്യവൽക്കരിക്കരുതെന്ന കേരള നിയമസഭയുടെ ഒറ്റക്കെട്ടായ എതിർപ്പ് വ്യത്യസ്ത സന്ദർഭങ്ങളിലായി കത്ത് നൽകിയും നേരിട്ടും കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. 1935 മുതൽ പ്രവർത്തിച്ചു വരുന്ന വിമാനത്താവളത്തിൻെറ ഭൂവുടമാവകാശം നിലവിൽ സംസ്ഥാന സർക്കാറിനാണ്. 635 ഏക്കറിൽ പരം വസ്തു ഉള്ള വിമാനത്താവളത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടയിലാണ് കേന്ദ്ര സർക്കാർ തികച്ചും ജനവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്. തുറമുഖം, കൽക്കരി ഖനനം പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന് വിമാനത്താവള ചുമതല നൽകിയത് അസാധാരണമാണ്. വിമാനത്താവളം അദാനി ഗ്രൂപ്പിന് വിൽക്കുവാനുള്ള തീരുമാനത്തിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.