മുസ് ലിം പേരു പോലും സംശയനിഴലില്‍ –സച്ചിദാനന്ദന്‍

കോഴിക്കോട്: ഒരു മുസ്ലിം പേരുപോലും അപകടകരമാകാവുന്ന അവസ്ഥയില്‍ രാജ്യം എത്തിക്കഴിഞ്ഞുവെന്ന് കവി സച്ചിദാനന്ദന്‍. എല്ലാ മതങ്ങളിലും കുറ്റവാളികളുണ്ട്. എന്നാല്‍, ഹിന്ദുമതത്തില്‍പെട്ട പത്താളുകളും മുസ്ലിംകളായ  രണ്ടാളുകളും ഒരു കുറ്റത്തില്‍ പിടിക്കപ്പെട്ടാല്‍, മുസ് ലിംപേരുകളായിരിക്കും മുന്നില്‍ നില്‍ക്കുക. അവരെ കുറിച്ചായിരിക്കും വാര്‍ത്തകള്‍- തിങ്കളാഴ്ച പുറത്തിറങ്ങുന്ന പുതിയ ലക്കം ‘മാധ്യമം’ ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞു.

വിമാനത്താവളങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നോക്കുന്നത് പേരാണ്. പേര് സച്ചിദാനന്ദന്‍ എന്നാണെങ്കില്‍ വലിയ കുഴപ്പമില്ല എന്ന് അവര്‍ തീരുമാനിക്കും. അബ്ദുല്‍ കരീം എന്നാണെങ്കില്‍ രണ്ടാമതും പരിശോധന ഉറപ്പ്. ഇങ്ങനെ സാധാരണരീതിയിലുള്ള അധികാര സ്ഥാപനത്തിന്‍െറ എല്ലാ തലങ്ങളിലേക്കും മറ്റു മതക്കാരെ  കുറിച്ച് ഒരു സംശയം വ്യാപിപ്പിക്കാന്‍ ഈ ഹിന്ദുത്വവാദ പ്രത്യയശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അത് വളരെക്കാലത്തെ പരിശ്രമത്തിന്‍െറ ഫലംകൂടിയാണ്.
 
കൊളോണിയല്‍ നിയമമായ ദേശദ്രോഹ നിയമം നിരന്തരമായി ദുരുപയോഗംചെയ്യപ്പെടുന്നു. മഹാത്മാഗാന്ധി ഒരിക്കല്‍ ആ നിയമത്തിന്‍െറ പേരില്‍ അറസ്റ്റിലായപ്പോള്‍ അത് എടുത്തുകളയേണ്ടതാണെന്ന് വാദിച്ചതാണ്. നെഹ്റുവും അതിനെതിരെ സംസാരിച്ചിട്ടുണ്ട്. ആ നിയമം അരുന്ധതി റോയിക്ക് എതിരെയുണ്ടായി. എന്തിന് കൂടംകുളത്ത് സമരം നടത്തിയ മുഴുവന്‍ ജനങ്ങളെയും ദേശദ്രോഹികളായി പ്രഖ്യാപിക്കുകയും ദേശദ്രോഹത്തിന്‍െറ പേരില്‍ കേസെടുക്കുകയും ചെയ്തു. ദേശീയ ഗാനം തിയറ്ററുകളില്‍ നിര്‍ബന്ധമാക്കിയത് അതിനൊരു ഉദാഹരണമാണ്.

ഏതു ദേശീയ പ്രതീകവും നിര്‍ബന്ധമാക്കുമ്പോള്‍ അത് അനുസരിക്കാതിരിക്കാനുള്ള വാസനയാണ് കൂടുതലായുണ്ടാവുക- സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. എഴുത്തുകാരിയും ചിന്തകയും ആക്ടിവിസ്റ്റുമായ ഉര്‍വശി ബുട്ടാലിയയുടെ പ്രത്യേക അഭിമുഖവും പുതിയ ആഴ്ചപ്പതിപ്പിലുണ്ട്. രാജ്യസ്നേഹി, രാജ്യദ്രോഹി എന്നീ ദ്വന്ദ്വങ്ങളിലേക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വര്‍ഗീകരിച്ച് രാജ്യത്തിനകത്തു വിഭജനമുണ്ടാക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ഇതരമതക്കാരോട്, പ്രത്യേകിച്ചും മുസ്ലിംകളോട് തീവ്രവും അസഹിഷ്ണുതയേറിയതുമായ സമീപനം കൈക്കൊള്ളുന്നത്.  വര്‍ഗീയമായും സാമൂഹികമായും മതപരമായുമുള്ള ഈ വിഭജനങ്ങള്‍ നമ്മുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നതെന്നും ഉര്‍വശി ബൂട്ടാലിയ പറയുന്നു.

Tags:    
News Summary - weekly-cover.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.