'പണം തരാം, മോഷ്ടിക്കപ്പെട്ട ആ ലാപ്ടോപ് തിരിച്ചുതരൂ'; സായൂജ്യ കാത്തിരിക്കുന്നു, പ്രതീക്ഷയോടെ

കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാർഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് കാലിക്കറ്റ് സർവകലാശാലാ സമൂഹവും സഹൃദയരും. കോഴിക്കോട് ബീച്ചിൽ വെച്ച് മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ. ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, വിൽപ്പനക്കാർ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന് സർവകലാശാലയിലെ ഗവേഷക സംഘടന പറയുന്നു.

കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയാണ് തൃശൂർ സ്വദേശിയായ സായൂജ്യ. കാഴ്ചപരിമിതിയുള്ളയാളായതിനാൽ ഇത്തരക്കാർക്കുള്ള സോഫ്റ്റുവെയറുകളും മറ്റും ഉപയോഗിച്ചാണ് പഠനം. ബിരുദതലം മുതൽക്കുള്ള പഠന വസ്തുക്കളും നിരവധി പി.ഡി.എഫ് ഫയലുകളും ഇതുവരെയുള്ള ഗവേഷണ പ്രവർത്തനങ്ങളുമെല്ലാം ലാപ്ടോപ്പിലായിരുന്നു ഉള്ളത്.

സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് ബീച്ച് സന്ദർശിക്കാൻ പോയപ്പോളാണ് ലാപ്ടോപ്പ് മോഷണം പോകുന്നത്. കാറിന്‍റെ പിൻസീറ്റിൽ വെച്ചിരുന്ന ലാപ്ടോപ്പ് ആരോ എടുത്തുകൊണ്ടുപോകുകയായിരുന്നു. അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.

കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച് എത്താൻ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണെന്ന് സായൂജ്യ പറയുന്നു. തന്‍റെ കണ്ണായിരുന്നു ലാപ്ടോപ്പ്. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെപ്പോലെയായി -സായൂജ്യ പറയുന്നു. പഠനപ്രവർത്തനങ്ങളൊന്നും നടക്കാതെ ഗവേഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ.




പൊലീസിന്‍റെ അന്വേഷണത്തിൽ വിവരമൊന്നും ലഭിക്കാതായതോടെയാണ് ലാപ്ടോപ്പ് തിരികെ നൽകണമെന്ന അഭ്യർഥനയുമായി സർവകലാശാലാ സമൂഹം രംഗത്തെത്തിയത്. മോഷ്ടിച്ചയാൾ ഏതെങ്കിലും സെക്കൻഡ്-ഹാൻഡ് കടകളിൽ ലാപ്ടോപ്പ് വിറ്റിട്ടുണ്ടെങ്കിൽ മുടക്കിയ പണം മുഴുവൻ നൽകി ലാപ്ടോപ് വാങ്ങിക്കോളാമെന്ന് ഗവേഷക സംഘടനയായ എ.കെ.ആർ.എസ്.എ പറയുന്നു. ലാപ്ടോപ്പ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിവരങ്ങളും നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് ഉടൻ തന്നെ തിരികെ ലഭിക്കുമെന്നും ഗവേഷണം തുടരാനാകുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വിദ്യാർഥിനി. 

Tags:    
News Summary - we will pay, please return the stolen laptop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.