പി. രാജീവിനെ തള്ളി ഡബ്ല്യു.സി.സി; റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ല -ദീദി ദാമോദരൻ

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടെന്ന മന്ത്രിയുടെ പ്രസ്താവന തള്ളി ഡബ്ല്യു.സി.സി. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നാണ് കരുതുന്നതെന്നും ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് സർക്കാറിന് ഡബ്ല്യു.സി.സി ഔദ്യോഗികമായി എഴുതി അപേക്ഷ നൽകിയതാണ്. അതിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. അതിൽ ഒരു മാറ്റവുമില്ല. അന്നും ഇന്നും റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയാണ് ആവശ്യം -ദീദി ദാമോദരൻ പറഞ്ഞു.

മന്ത്രിയുടെ തെറ്റിദ്ധാരണയായിരിക്കും എന്നാണ് കരുതുന്നത്. എന്താണ് മന്ത്രി അങ്ങനെ പറയാൻ കാരണമെന്ന് അറിയില്ല. മന്ത്രിയും ഇടതു സർക്കാറും ഡബ്ല്യു.സി.സിയുടെ കൂടെയാണ് നിന്നിട്ടുള്ളത്. ഹേമ കമ്മിറ്റിക്ക് എല്ലാവരും രഹസ്യ സ്വഭാവമുള്ള മൊഴിയല്ല നൽകിയതെന്നും അവർ പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ് ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡബ്ല്യു.സി.സി. അംഗങ്ങളുമായി ചർച്ച നടത്തിയെന്നും അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട് വന്നത്.

ഇന്ന് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ, ഇക്കാര്യം മന്ത്രി ആവർത്തിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കുമെന്നതിനാലാണ് കമ്മിറ്റിക്ക് മുമ്പിൽ മൊഴികൾ കൊടുത്തിരിക്കുന്നതെന്നും അതിനാൽ ഇതെല്ലാം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - WCC rejects P Rajeev's statement about Hema Committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.