കൽപറ്റ: വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്. നാല് അതിഥി തൊഴിലാളികൾക്കും തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ 55 കാരിക്കും മീനങ്ങാടി സ്വദേശിയായ 24 കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബത്തേരി പൂളവയൽ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികൾക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
തവിഞ്ഞാൽ സ്വദേശിയുടെ ഭർത്താവ് പതിനെട്ടാം തീയതി ബാംഗ്ലൂരിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കിഡ്നി രോഗിയായ ഇവർ ഡയാലിസിസ് ചെയ്യുന്നതിനു വേണ്ടിയാണ് മെയ് 29 ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയത്.
മീനങ്ങാടി സ്വദേശിയായ 24 കാരി ഗർഭിണി ആയതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ 28 ആം തീയതി സാമ്പിൾ പരിശോധനക്ക് എടുക്കുകയായിരുന്നു. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 13 പേരാണ്. രോഗം സംശയിക്കുന്നവർ ഉൾപ്പെടെ ആകെ 22 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും, മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകളും കണ്ടൈൻറ്മെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങൾ, മെഡിക്കൽ എമർജൻസി വാഹനങ്ങൾ എന്നിവക്ക് മാത്രമേ പ്രവേശനം അനുവാദിക്കൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യ- മാംസം വില്പ്പന നടത്തുന്ന കടകൾ മാത്രമേ തുറക്കാവൂ. രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രമാണ് കടകൾ തുറക്കാനാകുക. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.