വയനാട്ടിലെ മരംമുറി: ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രകൃതി സംക്ഷരണ സമിതി

തിരുവനന്തപുരം: വയനാട്ടിലെ മരംമുറിയുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ. ചന്ദ്രശേറൻ, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി എന്നിവർക്ക് സമിതി നിവേദനം അയച്ചു. റവന്യൂ ഭൂമിയിലെ ഈട്ടിത്തടി മുറിയെക്കുറിച്ചും വിജിലൻസിനേക്കൊണ്ടോ ജില്ലക്കു പുറത്തുള്ള ഉദ്യോഗസ്ഥരെക്കൊണ്ടൊ അന്വേഷിപ്പിക്കണമെന്നും മുറിച്ചിട്ട ഈട്ടിമരങ്ങൾ കണ്ടു കെട്ടണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവാദികളെ സസ്പെ ചെയ്യണമെന്നും നിവേദത്തിൽ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിന്‍റെ സംരക്ഷണയിലുള്ള നൂറുകണക്കിന്ന് ഈട്ടിമരം സ്വകാര്യ വ്യക്തികൾക്ക് കടത്തികൊണ്ടു പോകാൻ കൂട്ടുനിന്ന റവന്യു ഉദ്യേഗസ്ഥർക്കെതിരെ ഒരു നടപടിയും ഇതേവരെ എടുത്തിട്ടില്ല.

വയനാട്ടിൽ നിന്നും പാസില്ലാതെ കടത്തിക്കൊണ്ടുപോയ ലക്ഷങ്ങൾ വില പിടിപ്പുള്ള ഈട്ടിമരം കഴിഞ്ഞ എട്ടിന് പെരുമ്പാവൂരിൽ നിന്നും പിടികൂടികൂടിയിരുന്നു. ഇതിലൂടെ വയനാട്ടിലെ വീട്ടിമരങ്ങളുടെ വംശനാശത്തിന്ന് ഇടവരുത്തുമായിരുന്ന വൻ ഗൂഢാലോചന തെളിഞ്ഞിരിക്കുകയാണ്. തലസ്ഥാനത്തുള്ള ചില അത്യുന്നതരും വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരും ഒരു വർഷത്തോളം സമയമെടുത്ത് നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ് മേപ്പാടി റേഞ്ച് ഓഫീസർ മരം കണ്ടു കെട്ടിയതിനെ തുടർന്ന് പൊളിഞ്ഞത്. എന്നാൽ, കുറ്റക്കാരായ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ഇനിയും ഉണ്ടായിട്ടില്ല.

മുറിച്ചിട്ട മരങ്ങൾ ഇതേവരെ റവന്യൂ അധികാരികൾ കണ്ടുകെട്ടിയിട്ടില്ല. കെ.എൽ.ആർ വകുപ്പ് പ്രകാരം വളരെ ലളിതമായ കേസ് ബുക്ക് ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കാനാണ് റവന്യൂ വകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമമനുസരിച്ചോ (പി.ഡി.പി.പി.ആക്ട്) പൊതുമുതൽ മോഷ്ടിച്ചതിനുള്ള കളവുകേസോ ആദിവാസികളെ വഞ്ചിച്ചതിനുള്ള പൊലീസ് കേസോ ഇതേവരെ ബുക്ക് ചെയ്തിട്ടില്ല. കേസിലെ മുഖ്യ സൂത്രധാരൻ മേപ്പാടി റേഞ്ച് ഒാഫീസർക്കെതിരെ കൊലവിളിയുയർത്തുകയാണ്.‍

റവന്യൂ ഭൂമിയിൽ സർക്കാറിൽ നിക്ഷിപ്തമായ ഈട്ടിമരങ്ങൾ വൻതോതിൽ മുറിക്കുന്നുണ്ടെന്നും പാസുകൾക്ക് വേണ്ടി സമർപ്പിച്ച മുപ്പത് അപേക്ഷകൾ സർക്കാർ മരമായതിനാൽ താൻ നിഷേധിച്ചിട്ടുണ്ടെന്നും മേപ്പാടി റേഞ്ച് ഓഫീസർ മൂന്നു തവണ വൈത്തിരി തഹസീൽദാർക്ക് കത്ത് അയക്കുകയും കലക്ടറെ ധരിപ്പിക്കുകയും ചെയ്തിരുന്നു. മുട്ടിൽ ‍‍ വില്ലേജിലെ വാഴവറ്റ പ്രദേശത്തുള്ള ചെറുകിട ഭൂഉടമസ്ഥരിൽ നിന്നും സർക്കാറിൽ നിക്ഷിപ്തമായ നൂറുകണക്കിന് ഈട്ടിമരങ്ങൾ ചെറിയ വിലക്ക് വാങ്ങി മുറിച്ചിട്ടിരിക്കുന്നത് ഫോട്ടോ സഹിതം മാധ്യമങ്ങളിൽ വന്നിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും കലക്ടർ നടപടികൾ സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ട്.

കൊറോണ മഹാമാരിയെ തുടർന്ന് സംസ്ഥാനം ലോക്ക്ഡൗണായപ്പോഴാണ് വയനാട് കേന്ദ്രമായ മരലോബിയുടെ സമ്മർദ്ദത്തെ ഇടർന്ന് കഴിഞ്ഞ മാർച്ചിൽ പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മുഴുവൻ മരങ്ങളും മുറിക്കാനുള്ള റവന്യൂ വകുപ്പ് ഉത്തരവിറങ്ങിയത്. കേരളത്തിലങ്ങോളമിങ്ങോളം 75 ലക്ഷം മരങ്ങൾക്ക് കൊടാലി വീഴുമെന്നും സർക്കാറിന് അനേകം കോടിയ നഷ്ടപ്പെടുമെന്നും കാണിച്ച് പരസ്ഥിതി പ്രവർത്തകർ ഹൈകോടതിയയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്യിച്ചു. ഇതിനെതിരെ റോജി അഗസ്റ്റിനും സംഘവും ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയതിനെ ഉടർന്ന് സിംഗിൾ ബഞ്ച് ഉത്തരവ് ഭാഗികമായി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തുടർന്നാണ് റവന്യൂ വകുപ്പ് മിന്നൽ വേഗത്തിൽ മറ്റൊരു ഉത്തരവിറക്കിയത്. ഇതിനെ ദുർവ്യാഖ്യാനം ചെയ്താണ് ഈട്ടിമരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയത്.

മര ലോബിയിലെ പ്രധാനി ഇതിനിടയിൽ വനം വകുപ്പിലുള്ള സ്വാധീനം ഉപയോഗിച്ച് സൂര്യാ ടിംബഴ്സ് എന്ന പേരിൽ പ്രോപ്പർട്ടി മാർക്ക് റജിസ്ട്രേഷൻ സമ്പാദിച്ചു. തുടർന്ന് പെരുമ്പാവൂർ മലബാർ ടിം ബെഴ്സിന്ന് പതിനായിരം ക്വുബിക്ക് ഫീറ്റ് ഈട്ടിത്തിടി നൽകാമെന്ന എഗ്രിമെന്‍റിൽ ഒന്നര കോടി രൂപ കൈപ്പറ്റി. മീനങ്ങാടി ഫെഡറൽ ബാങ്കിലൂടെയാണ് പണം കൈമാറിയത്. കയറ്റിയയച്ച ആദ്യത്തെ ലോഡുകളാണ് കള്ളത്തടിയെന്ന നിലയിൽ വനം വകുപ്പ് പിടിച്ചെടുത്തത്. മേപ്പാടി റേഞ്ച് ഓഫീസർ എം.കെ. ഷമീർ പാസ് നിഷേധിക്കുകയും കടത്തിയ ഈട്ടിത്തടികൾ പിടികൂടി കണ്ടു കെട്ടുകയും ചെയ്തതിനെ തുടർന്ന് മരം മാഫിയയുടെ പദ്ധതികൾ തകർന്നത്. ഈട്ടിത്തടിയുടെ വൻ ശേഖരം വയനാട്ടിൽ മാത്രമാണുള്ളത്.

എ.യു.സി.എന്നിന്‍റെ വംശനാശ ഭീഷണിയുള്ള മരങ്ങളുടെ ചുവപ്പ് പട്ടികയിൽ ഉൾപ്പെട്ട ഈട്ടിമരം വയനാട്ടിൽ മാത്രമെയുള്ളൂ. 500 ലധികം കൊല്ലം പഴക്കമുള്ള മരങ്ങൾ മുറിച്ച കൂട്ടത്തിലുണ്ട്. മര മാഫിയയുടെ പദ്ധതി വിജയിച്ചിരുന്നെങ്കിൽ ഈട്ടിമരങ്ങൾക്ക് വംശനാശം സംഭവിക്കുമായിരുന്നു. ഇതിന്നിടെ മര ലോബി കൽപ്പറ്റ മണിക്കുന്ന് മയിൽ വൻ ഈട്ടിമരക്കൊള്ള നടന്നതായി ആരോപിച്ചിരുന്നെങ്കിലും അധികൃതർ അന്വേഷണം നടത്തിയിട്ടില്ല. വയനാട് പ്രകൃതി സംക്ഷണ സമിതി നേതാക്കളായ എൻ. ബാദുഷ, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, പി.എം. സുരേഷ്, എം. ഗംഗാധരൻ എന്നിവരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. 

Tags:    
News Summary - Wayanad Wood Room: Nature Conservation Committee calls for probe into conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.