തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്‍റെ പുനർ നിർമാണത്തിന് കേന്ദ്രം അനുവദിച്ച നാമമാത്ര തുകയിൽ പ്രതിഷേധം ശക്തം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൈയയഞ്ഞ് സഹായിച്ച മോദി സർക്കാർ കേരളത്തിന് അനുവദിച്ച 260.56 കോടി ദുരന്തബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഭരണ-പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടുതൽ തുക ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
വയനാടിനെ പുനർനിർമിക്കാൻ 2221 കോടിയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ദുരന്തമുഖത്ത് നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സാഹചര്യങ്ങൾ വിലയിരുത്തിയതോടെ കേന്ദ്രത്തിൽ നിന്ന് വലിയ സഹായമുണ്ടാകുമെന്നായിരുന്നു കരുതിയത്. സഹായം നൽകാൻ ഒരു മെമ്മോറാണ്ടം നൽകണമെന്ന് പ്രധാനമന്ത്രി കേരളത്തോട് ആവശ്യപ്പെട്ടത് പ്രതീക്ഷ കൂട്ടി. അത് പ്രകാരം 1202 കോടിയുടെ നഷ്ടം കാണിച്ച് നിവേദനം നൽകി. പിന്നീട്, 2221 കോടി നഷ്ടത്തിന്‍റെ വിശദ റിപ്പോർട്ടും നൽകി. എന്നാൽ ഒരു രൂപ പോലും സഹായധനമായി നൽകിയില്ല. പകരം ഉപാധികളോടെ 526 കോടിയുടെ വായ്പയാണ് അനുവദിച്ചത്.
ഇതിനെതിരെ വീണ്ടും കേന്ദ്രത്തെ സമീപിച്ചപ്പോൾ ദുരന്തമുണ്ടായി 14 മാസത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്ന് 260.56 കോടി അനുവദിച്ചു. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ടിട്ടും മോദി സർക്കാർ മൗനം തുടരുകയാണ്. കോടതി അന്ത്യശാസനം നൽകിയിട്ടുപോലും വ്യക്തമായ മറുപടിയില്ല.
കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുകയാണെന്നും സഹായധനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ വീണ്ടും സമീപിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്തോടുള്ള അവഗണനയിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ മറുപടി പറയണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. വയനാട് ദുരന്തമുഖത്ത് കലുങ്ക് സംവാദത്തിന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയെ വെല്ലുവിളിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രംഗത്തെത്തി.
തൃശൂർ: വയനാട് പുനർനിർമാണത്തിനായുള്ള കേന്ദ്ര ധനസഹായത്തിൽ കേരളത്തെ അവഗണിച്ചെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന ശിപാർശ പോയിട്ടും കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസഹായമായി 260 കോടി നൽകിയെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. 250.56 കോടി കേന്ദ്രം അംഗീകരിച്ചെന്നാണ് അറിയുന്നത്. അർഹതപ്പെട്ട തുക നൽകാതിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.