കൽപറ്റ: മൂന്നുപതിറ്റാണ്ടിലേറെക്കാലമായി എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു സുബൈദ. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളുമടക്കം നല്ലൊരു തുക ഇവർക്ക് മാനേജ്മെന്റിൽ നിന്ന് കുടിശ്ശികയായി കിട്ടാനുണ്ട്. കമ്പനി നഷ്ടത്തിലാവുകയും 10 വർഷത്തോളമായി സമരം നടക്കുകയും ചെയ്യുന്ന എസ്റ്റേറ്റ് ഉരുൾ ദുരന്ത ബാധിതർക്കുവേണ്ടി സർക്കാർ ഏറ്റെടുക്കുകയാണെന്നറിഞ്ഞ നിമിഷം മുതൽ പ്രതീക്ഷയിലായിരുന്നു സുബൈദയെ പോലുള്ള മുന്നൂറോളം തൊഴിലാളികൾ. മാസങ്ങൾക്കുമുമ്പ് പുൽപ്പാറ ഡിവിഷനിലെ 64 ഹെക്ടർ ഭൂമി ടൗൺഷിപ്പിന് ഏറ്റെടുത്ത് വീടുകളുടെ നിർമാണം ആരംഭിച്ചെങ്കിലും ഇവിടെയുള്ള തൊഴിലാളികളുടെ കാര്യത്തിൽ മാത്രം തീരുമാനമായില്ല.
എസ്റ്റേറ്റ് ഫാക്ടറി ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത ഭൂമിയിലാവുകയും എസ്റ്റേറ്റിന്റെ ഭാഗമായ പെരുന്തട്ടയിലെ രണ്ടു ഡിവിഷനുകളുടെ പ്രവർത്തനവും മാനേജ്മെന്റ് അവസാനിപ്പിക്കുകയും ചെയ്തതോടെ തൊഴിലാളികൾക്ക് ജോലിയും കൂലിയും പൂർണമായും ഇല്ലാതായി. ഉപജീവനത്തിന് പോലും വഴിയില്ലാതെ പെരുവഴിയിലായ തൊഴിലാളികളില്‍ ഏറെ പേരും എസ്റ്റേറ്റ് ലയങ്ങളിലും ക്വാര്‍ട്ടേഴ്സുകളിലും താമസിക്കുന്നവരാണ്. തൊഴിലിടങ്ങൾക്കുപുറമെ തല ചായ്ക്കാനിടം പോലും നഷ്ടപ്പെടുന്നതൊന്നും ആരുടെയും പരിഗണനയില്‍ വന്നില്ല.
ടൗൺഷിപ്പിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി 43.77 കോടി രൂപ സർക്കാർ കോടതിയിൽ കെട്ടിവെച്ചിട്ടുണ്ടെങ്കിലും തുക വിട്ടുകിട്ടാത്തതുകാരണം തൊഴിലാളികളുടെ ആനുകൂല്യങ്ങളൊന്നും വിതരണം ചെയ്യാനാവുന്നില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ അടച്ച തുകയിൽനിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. രണ്ടുമാസം മുമ്പ് മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് കോടതിയെ വീണ്ടും സമീപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും എവിടേയുമെത്തിയില്ല.
തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച കണക്കുകൾ തൊഴിൽ വകുപ്പ് തയാറാക്കി ജില്ല ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ടൗൺഷിപ്പിനായി ഏറ്റെടുത്ത പുൽപ്പാറ ഡിവിഷനിലെ 80 തൊഴിലാളികൾ അടക്കം എസ്റ്റേറ്റിന് കീഴിലെ മൂന്ന് ഡിവിഷനുകളിലായി 300 തൊഴിലാളികളാണുള്ളത്. ഇവരിൽ 150 പേർ സർവിസിൽ നിന്നു വിരമിച്ചവരാണ്. 2014 മുതൽ തൊഴിലാളികളിൽ നിന്ന് ഇൗടാക്കിയ പി.എഫ് വിഹിതവും ഉടമ അടക്കേണ്ട വിഹിതവും ഇതുവരെ അടച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.