തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയത് സഹായധനമല്ല, മറിച്ച് ഉപാധികളോടുകൂടിയ വായ്പയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽനിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ച യു.എ. ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
526 കോടിയാണ് കേന്ദ്രത്തിൽനിന്ന് ലഭിച്ചത്. എന്നാൽ ഇത് സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ല, മറിച്ച് വായ്പയാണ്. ദുരിതാശ്വാസത്തിനായി ഉപാധിരഹിത സഹായം ഇതുവരെ കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും കോടതി റിലീസ് ചെയ്ത തുകയിൽനിന്നും സാസ്കി പദ്ധതിയിൽനിന്നും കോടിക്കണക്കിന് രൂപ ലഭ്യമായിട്ടും പകുതിയോളം തുകക്ക് ഭരണാനുമതി നൽകുന്നതിൽ കാലതാമസമുണ്ടായെന്ന് ടി. സിദ്ദിഖ് എം.എൽ.എ ആരോപിച്ചു.
സാസ്കി പദ്ധതിയുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെ പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നടന്ന് ഒരു വർഷത്തിലേറെയായിട്ടും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സേഫ് സോണായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലെ വാർഡുകളിലേക്ക് ഇപ്പോഴും റോഡ് നിർമിച്ചിട്ടില്ലെന്നും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ലെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. എന്നാൽ, പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം ആരംഭിച്ചതായി മുഖ്യമന്ത്രി മറുപടി നൽകി. ബെയ്ലി പാലത്തിനപ്പുറത്തെ സ്വന്തം സ്ഥലങ്ങളിലേക്കും റിസോർട്ടുകളിലേക്കും പോകാൻ ദുരന്തബാധിതർക്ക് ഓരോ ദിവസവും പ്രത്യേക പാസ് എടുക്കേണ്ടി വരുന്നത് ഒഴിവാക്കി സ്ഥിരം പാസ് നൽകണമെന്ന ആവശ്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.