കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം അനുവദിക്കാൻ നടപടികൾ പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയെ അറിയിച്ചു.
2219.033 കോടിയുടെ നഷ്ടം കണക്കാക്കിയാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയത്. അടിയന്തര സഹായമായി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.467 കോടി രൂപ നൽകാൻ നവംബർ 16ന് ചേർന്ന ഉന്നതതല സമിതി യോഗം അനുമതി നൽകിയതായും അസി. സോളിസിറ്റർ ജനറലിന്റെ ചുമതല വഹിക്കുന്ന ടി.സി. കൃഷ്ണ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണവിഭാഗം ഡയറക്ടർ ആഷിഷ് വി. ഗവായ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ദുരന്തശേഷം വേണ്ടിവരുന്ന പുനരുദ്ധാരണ ആവശ്യങ്ങൾ (പി.ഡി.എൻ.എ) സംസ്ഥാനങ്ങൾ വിവിധ മേഖലകളിൽ നിന്നുള്ളവരടങ്ങുന്ന മൾട്ടി സെക്ടറൽ ടീം രൂപവത്കരിച്ചാണ് വിലയിരുത്താറുള്ളതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ലഭ്യമാക്കാനാവശ്യമായ പദ്ധതിക്ക് രൂപം നൽകണം. നവംബർ 13ന് മാത്രമാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയത്. 2219.033 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തനിവാരണ ഫണ്ട് അനുവദിക്കാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പ്രകാരം ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയ പ്രതിനിധികളടങ്ങുന്ന സംഘം (ഐ.എം.സി.ടി) ആഗസ്റ്റ് എട്ടുമുതൽ 10 വരെ ദുരന്തമേഖല സന്ദർശിച്ച് സംസ്ഥാന സർക്കാറുമായി ആലോചിച്ച് നഷ്ടം വിലയിരുത്തി.
അതേസമയം, അടിയന്തര സ്വഭാവത്തിൽ താൽക്കാലിക പുനരധിവാസ പ്രവർത്തനത്തിന് 214.68 കോടിയുടെ അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയത് ആഗസ്റ്റ് 19നാണ്. ഒക്ടോബർ ഒന്നിന് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സബ് കമ്മിറ്റി (എസ്.സി - എൻ.ഇ.സി) മുമ്പാകെ കേന്ദ്രസംഘം റിപ്പോർട്ട് സമർപ്പിച്ചു. എസ്.സി- എൻ.ഇ.സി ശിപാർശ ഉന്നതതല സമിതി മുമ്പാകെയും പരിഗണനക്ക് വെച്ചു. തുടർന്നാണ് ദുരന്തനിവാരണ ഫണ്ടിൽനിന്ന് 153.467 കോടി അനുവദിച്ചത്. ആകാശ മാർഗം രക്ഷാപ്രവർത്തനത്തിനും ഭക്ഷണം, വെള്ളം എന്നിവ വിതരണം ചെയ്തതിനും ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ നീക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ചതിനുമടക്കം സഹായം നൽകാനാണ് അനുമതി നൽകിയിട്ടുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ, അതിതീവ്ര ദുരന്ത പ്രഖ്യാപനം എന്നിവ സംബന്ധിച്ച് വിശദീകരണത്തിൽ പരാമർശമില്ല.
ദുരന്തം പ്രധാനമന്ത്രി പി.ആർ ഇവന്റാക്കി; എൽ.ഡി.എഫ് പ്രതിഷേധം ഡിസംബർ അഞ്ചിന്
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു പി.ആർ ഇവന്റാക്കി മാറ്റിയെന്നും കേന്ദ്രം നൽകിയ വാഗ്ദാനം പാലിക്കുന്നില്ലെന്നും ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. കേന്ദ്ര അവഗണനക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് ഇടത് മുന്നണി രാജ്ഭവൻ മാർച്ച് നടത്തും. അതേദിവസം എല്ലാ ജില്ല കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫിസ് ഉപരോധവും സംഘടിപ്പിക്കും.
വയനാട് ദുരന്ത ബാധിതരെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വവുമായി സംസാരിക്കും. യോജിക്കാൻ തയാറുള്ള എല്ലാവരുമായും സഹകരിച്ച് പ്രക്ഷോഭത്തിന് ഇടതുമുന്നണി തയാറായാണ്. വയനാട് ദുരന്തമുണ്ടായിട്ട് മൂന്നരമാസമായി. 400ൽപരമാളുകൾക്ക് ജീവൻ നഷ്ടമായി. 1000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പ്രധാനമന്ത്രി വയനാട്ടിലെത്തി എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. എന്നിട്ടും സഹായം നൽകാത്ത സമീപനം അംഗീകരിക്കാനാവില്ല.
മുനമ്പത്തുനിന്ന് ഒരു കുടുംബത്തെയും ഒഴിപ്പിക്കില്ല. മുനമ്പത്തെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതില്‍നിന്ന് അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉന്നതതല യോഗത്തിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.