വയനാട്​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​  സംഷാദ്​ മരക്കാർ

നറുക്കെടുപ്പിൽ വയനാട്​ ജില്ല പഞ്ചായത്ത്​ യു.ഡി.എഫിന്​

കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം നിന്ന വയനാട്​ ജില്ല പഞ്ചായത്ത്​ നറുക്കെടുപ്പിൽ യു.ഡി.എഫിന്​. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോ​ട്ടെടുപ്പിൽ എട്ടുസീറ്റുകൾ വീതം നേടി ഇരുമുന്നണികളും തുല്യത പാലിച്ചതിനെ തുടർന്നാണ്​ നറുക്കെടുപ്പ്​ വേണ്ടിവന്നത്​. നറുക്കെടുപ്പിൽ കോൺഗ്രസിലെ സംഷാദ്​ മരക്കാർ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ മുട്ടിൽ ഡിവിഷനിൽനിന്ന്​ വൻ ഭൂരിപക്ഷത്തിനാണ്​ സംഷാദ്​ വിജയിച്ചത്​. 

വോ​ട്ടെടുപ്പിൽ സംഷാദിനും എതിർ സ്​ഥാനാർഥിയായി മത്സരിച്ച സി.പി.എമ്മിലെ സുരേഷ്​ താളൂരിനും എട്ടു വോട്ടുവീതമാണ്​ ലഭിച്ചത്​. ഇതേ തുടർന്നാണ്​ വിധിനിർണയം നറുക്കെടുപ്പിലെത്തിയത്​. അമ്പലവയൽ ഡിവിഷനിൽനിന്നാണ്​ സുരേഷ്​ താളൂർ തെരഞ്ഞെടുക്കപ്പെട്ടത്​. സംഷാദ് മരക്കാറിനെ എം. മുഹമ്മദ് ബഷീര്‍ നാമനിര്‍ദ്ദേശം ചെയ്യുകയും ഉഷ തമ്പി പിന്താങ്ങുകയും ചെയ്തു. സുരേഷ് താളൂരിനെ ജുനൈദ് കൈപ്പാണി നാമനിര്‍ദ്ദേശം ചെയ്യുകയും ബിന്ദു പ്രകാശ് പിന്താങ്ങുകയും ചെയ്തു.

വിജയിച്ച സംഷാദ് മരക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചേംബറിലെത്തി അദ്ദേഹം ചുമതലയേറ്റു.

ഉച്ചക്ക്​​ നടന്ന വൈസ്​ പ്രസിഡന്‍റ്​ തെര​ഞ്ഞെടുപ്പിൽ നറു​ക്കെടുപ്പിലെ വിജയം എൽ.ഡി.എഫിന്​ ഒപ്പമായിരുന്നു. സി.പി.ഐയിലെ എസ്​. ബിന്ദുവാണ്​ വിജയിച്ചത്​. മേപ്പാടി ഡിവിഷനിൽനിന്നുള്ള അംഗമാണ്​ ബിന്ദു. യു.ഡി.എഫിലെ മുസ്​ലിം ലീഗ്​ സ്​ഥാനാർഥി കെ.ബി. നസീമയെ പിന്തള്ളിയാണ്​ ബിന്ദുവിന്​ നറുക്കുവീണത്​. എസ്. ബിന്ദുവിനെ എന്‍.സി പ്രസാദ് നാമനിര്‍ദ്ദേശം ചെയ്യുകയും എ.എം.സുശീല പിന്താങ്ങുകയും ചെയ്​തു.കെ.ബി നസീമയെ അമല്‍ ജോയി നാമനിര്‍ദ്ദേശം ചെയ്യുകയും എം. മുഹമ്മദ് ബഷീര്‍ പിന്താങ്ങുകയും ചെയ്തു.

ജില്ല പഞ്ചായത്തിൽ ആകെ 16 സീറ്റുകളാണുള്ളത്​. വാശിയേറിയ പോരാട്ടത്തിൽ യു.ഡി.എഫും എൽ.ഡി.എഫും എട്ടു വീതം സീറ്റ്​ നേടുകയായിരുന്നു. യു.ഡി.എഫിൽ കോൺഗ്രസിന്​ ആറും ലീഗിന്​ രണ്ടും സീറ്റുകളാണുള്ളത്​. എൽ.ഡി.എഫിൽ സി.പി.എം ആറു സീറ്റിൽ ജയിച്ചപ്പോൾ സി.പി.ഐയും ജനതാദൾ-എസും ഓരോ സീറ്റിൽ വിജയം കണ്ടു. കഴിഞ്ഞ തവണ വ്യക്​തമായ മേധാവിത്വത്തോടെ യു.ഡി.എഫാണ്​ ജില്ല പഞ്ചായത്ത്​ ഭരിച്ചത്​. 

വോട്ടെടുപ്പിനും നറുക്കെടുപ്പിനും ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ഉപവരണാധികാരിയായ എ.ഡി.എം. കെ. അജീഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.