നവദമ്പതികളുടെ കൊല: പനിപിടിച്ചില്ലായിരുന്നെങ്കിൽ പ്രതി കടൽ കടന്നേനേ​...

മാനന്തവാടി: കണ്ടത്തുവയലിൽ വാഴയിൽ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി തൊട്ടിൽപ് പാലം കാവിലുംപാറ കല്ലങ്ങോട്ടുമ്മൽ വിശ്വനാഥൻ ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ രോഗബാധിതനായതാണ് ജയിലറക്കുള്ളിൽ ആവാൻ കാരണം. പത്തു വർഷത്തോളം ഖത്തറിൽ ആശാരിപ്പണി എടുത്തിരുന്ന ഇയാൾ മൂന്നു മാസം മുമ്പാണ് നാട്ടിൽ എത്തിയത്. ആഗസ്​റ്റ്​ 17ന് ഗൾഫിലേക്ക് മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കേയാണ് 15ന് പനി പിടിച്ച് കിടപ്പിലായതും യാത്ര മുടങ്ങിയതും.

ഒരു തെളിവും അവശേഷിപ്പിക്കാതെയാണ്​ ഇയാൾ ദമ്പതികളെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്​ടിച്ചത്. കൃത്യം നടത്തിയ അന്നു തന്നെ സ്വർണം 1,46,000 രൂപക്ക്​ വിൽപന നടത്തുകയും വാഹനം വാങ്ങിച്ചയാൾക്കും അടുത്ത ബന്ധുക്കളിൽ നിന്നും വാങ്ങിച്ചതുമുൾപ്പെടെ 1,25,000 രൂപയുടെ കടങ്ങൾ തീർത്തു. വാഹനപ്രിയനായ ഇയാൾ ഏറ്റവും ഒടുവിൽ ഇയോൺ കാർ വാങ്ങിച്ചിരുന്നു. ഇതി​​​​െൻറയും മുൻ വാഹനത്തി​​​​െൻറയും ബാധ്യത നിലനിൽക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മോഷ്​ടാക്കളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്​ കുറ്റ്യാടിയിൽ ഒരാൾ സ്വർണം വിറ്റതായി അറിഞ്ഞത്.

എന്നാൽ, ആളെ തിരിച്ചറിയാനായില്ല. ഇതിനിടയിലാണ് വാഹന വിൽപനക്കാരനെ പൊലീസ് കാണാനിടയായത്. ഇയാളിൽനിന്ന്​ കിട്ടിയ വിവരമനുസരിച്ച് വിശ്വനാഥനെ കണ്ടെത്തി ചോദ്യം ചെയ്ത പൊലീസിന് മുന്നിൽ ഇയാൾ പിടിച്ചുനിന്നു. മൊഴികളിലെ പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞ പൊലീസ് രാത്രി കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് കാൽപാദ പരിശോധന നടത്തിയതോടെയാണ് ഇയാൾ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്. ഇതിനിടയിലായിരുന്നു കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോൺ പ്രവർത്തനക്ഷമമായത്. ഇത് തെളിവുകൾ വർധിപ്പിച്ചു. ഇതോടെയാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്.

പ്രതിയെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു
മാനന്തവാടി: നവദമ്പതികളെ കിടപ്പുമുറിയിൽ തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു. തൊട്ടിൽപ്പാലം കാവിലുംപാറ മരുതോറയിൽ കലിങ്ങോട്ടുമ്മൽ വിശ്വനാഥനെ (45)യാണ് മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് പി. സുഷമ കസ്​റ്റഡിയിൽ വിട്ടത്. ചൊവ്വാഴ്ച രാവിലെയാണ്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്​ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ആദ്യം റിമാൻഡ്​ ചെയ്ത കോടതി പിന്നീട് പൊലീസി​​​​െൻറ ആവശ്യം അംഗീകരിച്ച്​ ആറു ദിവസത്തേക്ക് കസ്​റ്റഡിയിൽ വിടുകയായിരുന്നു. തുടർന്ന് ഡിവൈ.എസ്.പി ഓഫിസിൽ എത്തിച്ച വിശ്വനാഥനെ ചോദ്യം ചെയ്തുവരുകയാണ്.

ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയശേഷം കസ്​റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ജൂ​ൈല ആറിനാണ് കണ്ടത്തുവയൽ പൂരിഞ്ഞി വാഴയിൽ ഉമ്മറിനെ (27) യും ഭാര്യ ഫാത്തിമ (19)യെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിലെ പ്രതിയെ രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്.

പ്രതിക്ക് വയനാടുമായി അടുത്ത ബന്ധം
മാനന്തവാടി: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതി കാവിലുംപാറ വിശ്വനാഥന് വയനാടുമായി അടുത്ത ബന്ധമാണുള്ളത്. ഇയാളുടെ പിതാവ് വത്സൻ തൊണ്ടർനാട് പുതുശ്ശേരിയിലായിരുന്നു താമസിച്ചിരുന്നത്. പിതാവ് മരിച്ച ശേഷം അമ്മ രണ്ടാം വിവാഹം കഴിച്ചതോടെയാണ് തൊട്ടിൽപ്പാലത്തേക്ക് താമസം മാറ്റിയത്. എന്നാൽ, വിശ്വനാഥൻ പിറന്ന നാടുമായുള്ള ബന്ധം തുടർന്നിരുന്നു. ലോട്ടറി വിൽപനയിലൂടെയും മറ്റും ഇടക്കിടെ ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു.

കൃത്യം നടന്ന ദിവസം രാത്രി 9.30ഒാടെ സ്ഥലത്തെ ബസ്​ കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിച്ചു. ഇതിനിടയിൽ ആളുകളെ കണ്ടതോടെ ഒളിച്ചിരുന്നു. 10.30ഒാടെ ഉമ്മറി​​​​െൻറ വീട്ടിൽ വെളിച്ചം കണ്ടപ്പോൾ അവിടെയെത്തി വാതിൽ വിടവിലൂടെ നോക്കിയപ്പോൾ ഫാത്തിമയുടെ കഴുത്തിലെ മാല കണ്ടു. വാതിൽ തള്ളിയപ്പോൾ തുറന്നെങ്കിലും വീണ്ടും ചാരി ​െവച്ച് ബസ്​ കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തി. കുറേനേരം അവിടെ ഇരുന്നതിനു ശേഷം 12.30 ഓടെ സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും കമ്പി കൈക്കലാക്കി ഉമ്മറി​​​​െൻറ വീട്ടിൽ എത്തി. മാല പറിച്ചെടുക്കുന്നതിനിടെ ഉമ്മർ ഉണരുകയും ഇയാളുടെ മുണ്ടിൽ പിടിക്കുകയും ചെയ്​തു. ഇതോടെ കൈയിൽ കരുതിയ കമ്പി കൊണ്ട് ഉമ്മറിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. രണ്ടു തവണ അടിച്ചപ്പോൾ ബഹളം കേട്ട് ഫാത്തിമ ഉണർന്നതോടെ അവരെയും അടിച്ചു വീഴ്ത്തി. മരണം ഉറപ്പാക്കിയ ശേഷം കിട്ടിയ ആഭരണങ്ങൾ കൈക്കലാക്കി ആയുധം ഉപേക്ഷിച്ച് വെളുപ്പിന് തൊട്ടിൽപാലത്തെ വീട്ടിൽ എത്തുകയും കുളിച്ച് വസ്ത്രം മാറ്റി സ്വർണം വിൽക്കാൻ പോവുകയുമായിരുന്നു.

ഡി.എൻ.എ ടെസ്​റ്റ്​ നിർണായകമാകും
മാനന്തവാടി: നവദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പിടിയിലായ പ്രതി വിശ്വനാഥ​​​​െൻറ ഡി.എൻ.എ ടെസ്​റ്റ്​ നിർണായകമാകും. നിലവിൽ ലഭിച്ച തെളിവുകൾക്ക് പുറമെ കൂടുതൽ ശക്തമായ തെളിവ് ശേഖരിക്കുന്നതിനാണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച ചീർപ്പ് ത​​​​െൻറ തന്നെയാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെങ്കിലും തല മുടി ഇയാളുടെ തന്നെയാണെന്ന ശക്തമായ തെളിവിനായാണ് ഇയാളെ ഡി.എൻ.എ ടെസ്​റ്റിന് വിധേയമാക്കുന്നത്. പൊലീസ് കസ്​റ്റഡിയിലുള്ള പ്രതിയെ ഇതിനായി അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടു പോയേക്കും. സംഭവസ്ഥലത്തു നിന്നും ലഭിച്ച ഹെൽമറ്റ് ഇയാളുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നഖത്തി​​​​െൻറ ശാസ്ത്രീയ പരിശോധനയും നടത്തും.

നാട്ടുകാർ കൈകാര്യം ചെയ്​തു, തലക്ക്​ ശസ്ത്രക്രിയ നടത്തി
വെള്ളമുണ്ട: പന്ത്രണ്ടാംമൈലിൽ നവദമ്പതികളെ അടിച്ചുകൊന്ന വിശ്വനാഥനെ മോഷണശ്രമങ്ങൾക്കിടെ നാട്ടുകാർ പലതവണ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപിച്ചിട്ടുണ്ട്. ഒരുതവണ നാട്ടുകാരുടെ അടികൊണ്ട് തല തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. രണ്ടു വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ തലക്ക് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്ന് വിശ്വനാഥ​​​​െൻറ സഹോദരൻ പറഞ്ഞു. ഒരിക്കൽ മോഷണം നടത്താൻ ചെന്ന വീട്ടിലെ കിണറ്റിൽ വീണതും വലിയ വാർത്തയായിരുന്നു. തൊട്ടിൽ പാലത്തിനടുത്ത കാവിലുംപാറ സ്വദേശിയായ വിശ്വനാഥൻ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ആരോടും അധികം സംസാരിക്കുകയോ സൗഹൃദം സ്​ഥാപിക്കുകയോ ചെയ്യാത്ത പ്രകൃതക്കാരനാണ്​ ഇയാളെന്ന്​ നാട്ടുകാർ പറയുന്നു. വലിയ പരിചയമൊന്നും ഭാവിക്കാതെ തലതാഴ്ത്തി നടന്നുപോകുകയാണ്​ പതിവ്​. പലപ്പോഴും അതിരാവിലെ വാഹനങ്ങളിൽ വന്നിറങ്ങുന്നത്​ കാണാമെന്ന്​ നാട്ടുകാർ പറയുന്നു. എവിടെ നിന്ന് വരുന്നുവെന്ന് ആർക്കും അറിയില്ല. ആരും അന്വേഷിക്കാറുമില്ല.

മുൻകാലങ്ങളിൽ നാടി​​​​െൻറ പേടിസ്വപ്​നമായിരുന്നു വിശ്വൻ എന്ന്​ നാട്ടുകാർ വിളിക്കുന്ന വിശ്വനാഥൻ. രാത്രിയിൽ എന്ത് ശബ്​ദം കേട്ടാലും വീട്ടിൽ വിശ്വൻ കയറിയിട്ടുണ്ടെന്ന് പേടിച്ചിരുന്ന കാലം ഉണ്ടായിരുന്നു. രാത്രി കാലങ്ങളിൽ ഇറങ്ങി നടന്ന് ലൈറ്റ് അണക്കാത്ത വീടുകളിൽ ജനലഴിക്കുള്ളിലൂടെ ഒളിഞ്ഞു നോക്കുന്നതും ഇയാളുടെ പതിവായിരുന്നു. പിന്നീട്​ കുറച്ചുകാലം ഇയാൾ ഗൾഫിൽ പോയപ്പോൾ ആശ്വാസമായിരുന്നുവെന്ന്​ നാട്ടുകാർ. എന്നാൽ, അധികകാലം ഗൾഫിൽ നിൽക്കാതെ തിരിച്ചുവരുകയായിരുന്നു.

തെളിവില്ലാത്ത കൊലപാതകകേസുകൾ തെളിയിച്ച്​ ദേവസ്യ
മാനന്തവാടി: തെളിവുകൾ അവ​േശഷിപ്പിക്കാതെ കൊല നടത്തുന്ന ക്രിമിനലുകളെ തെളിവ് സഹിതം പിടികൂടുക എന്നത് സർവിസിൽ വെല്ലു​വിളിയായി ഏറ്റെടുക്കുകയാണ്​ ഡിവൈ.എസ്.പി കെ.എം. ദേവസ്യ. ഏറ്റവും ഒടുവിൽ തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിലേക്കെന്ന്​ തോന്നിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിൽ പ്രതിയെ നാട്ടുകാര്‍ക്ക് മുന്നിലെത്തിച്ച് ഒരിക്കൽ കൂടി ത​​​​െൻറ കഴിവ് തെളിയിച്ചു. കൊലപാതകിയെയും നഷ്​ടപ്പെട്ട സ്വർണാഭരണങ്ങളും കൊല നടത്താനുപയോഗിച്ച ആയുധവുമുള്‍പ്പെടെ മുഴുവന്‍ തെളിവുകളും കണ്ടെത്തിയാണ് പ്രതിയെ കോടതിയിലെത്തിച്ചത്.

മാനന്തവാടി ഡിവൈ.എസ്.പി ആയി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുമ്പോള്‍ ആറു കൊലപാതകക്കേസുകളിലെ പ്രതികളെയാണ് പിടികൂടിയത്. ദൃശ്യം സിനിമ മാതൃകയില്‍ തോണിച്ചാലില്‍ നടത്തിയ ആശൈ കണ്ണന്‍ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടിയത് ഒറ്റ ദിവസം കൊണ്ടാാണ്. 1993 ല്‍ കെ.എ.പി രണ്ടിലൂടെ സേനയിൽ കയറി. 2003ൽ എസ്.ഐ ആയി. ബാലരാമപുരം, അഗളി, പെരിന്തൽമണ്ണ, തിരൂർ, കുന്ദംകുളം, റെയിൽവേ, കൊടുങ്ങല്ലൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, തൃശൂർ, പാണ്ടിക്കാട് എന്നിവിടങ്ങളിലും സേവനമനുഷ്​ഠിച്ചു. ഇതിനോടകം 2011ൽ മുഖ്യമന്ത്രിയുടെ മെഡലടക്കം 92 ഗുഡ് സര്‍വിസ് എന്‍ട്രികളാണ് ഇദ്ദേഹം കരസ്ഥമാക്കിയത്. 2008 ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി. നിലമ്പൂരിൽ സേവനത്തിലിരിക്കെ ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച് 2017 ജൂലെ 31നാണ് മാനന്തവാടിയിലെത്തുന്നത്.

2008 മുതല്‍ 2011 വരെ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ 13 കൊലപാതകക്കേസുകളിലെ പ്രതികളെയാണ് നിയമത്തിന് മുന്നിലെത്തിച്ചത്. ഇതില്‍ മതിലകം തമ്പി കൊലക്കേസില്‍ കൊന്നവനെയും കൊല്ലപ്പെട്ടവനെയും തിരിച്ചറിയാത്ത നിലയിൽനിന്ന്​ അന്വേഷണം നടത്തി പ്രതി ഇപ്പോള്‍ വിചാരണ നേരിടുകയാണ്. പട്ടാമ്പിയിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ ഏഴു കൊലപാതകക്കേസിലെ പ്രതികളെ പിടികൂടി. ബംഗാളി കൂക്കൂണ്‍ ഇബ്രാഹിം കൊലപാതകം, ഷോളയാറിൽ യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയ കേസ് തുടങ്ങി വിചാരണ പൂര്‍ത്തിയായ കേസുകളിലെല്ലാം പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വാങ്ങിച്ചുനല്‍കാനും അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ ദേവസ്യക്കായിട്ടുണ്ട്. കേരളത്തില്‍ ഹര്‍ത്താലിനിടയാക്കിയ 2005ലെ ഒന്നേകാല്‍ കോടി രൂപ വിലവരുന്ന ബാലരാമപുരം എഴുത്തച്ഛന്‍ അമ്പലം വിഗ്രഹ മോഷണക്കേസില്‍ പതിനൊന്ന് വർഷത്തിനു ശേഷം വിഗ്രഹം കണ്ടെത്തിയതും ഇദ്ദേഹമായിരുന്നു.

2015ലെ അഗളി ഉരുള്‍പൊട്ടല്‍ സംഭവത്തില്‍ ഒറ്റപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട 16 കുടുംബങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിന് നേതൃത്വം കൊടുത്തതും കൊടുങ്ങല്ലൂരില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ ബോട്ടുമായിച്ചെന്ന് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതും ദേവസ്യയുടെ സർവിസില്‍ മറക്കാനാവാത്ത അനുഭവങ്ങളാണ്. മണ്ണാർക്കാട്​ ഇരുമ്പകം ചോലമാണിയുടെയും പരേതയായ മറിയാമ്മയുടെയും ആറു മക്കളിൽ ഒരാളാണ്. വീട്ടമ്മയായ കുഞ്ഞിമോളാണ് ഭാര്യ. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ദീപു, എം.കോം വിദ്യാർഥിനിയായ ദീപ്തി, ഏഴാം ക്ലാസുകാരിയായ ദിവ്യ എന്നിവര്‍ മക്കളാണ്.

Tags:    
News Summary - wayanad couples murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.