കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ് നിർമിക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക എസ്റ്റേറ്റ് ഉടമകൾക്ക് കൈമാറുന്നത് സുരക്ഷിതമോയെന്ന് ഹൈകോടതി.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമയായ ഹാരിസൺ മലയാളം ലിമിറ്റഡ് ഫയൽ ചെയ്ത അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഭൂമിയുടെ ഉടമസ്ഥതാ തർക്കം കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരത്തുക സിവിൽ കോടതിയിൽ കെട്ടിവെക്കുന്നതിന് പകരം സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാറിനോടും എസ്റ്റേറ്റ് ഉടമകളോടും കോടതി നിർദേശിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് അപ്പീൽ നൽകിയത്.
എൽസ്റ്റോണിന്‍റെ ഹരജി ബെഞ്ചിൽ എത്തിയില്ല. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ എന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെക്കാമെന്നായിരുന്നു സർക്കാർ നിലപാടെങ്കിലും സിംഗിൾ ബെഞ്ച് മറിച്ച് നിർദേശം നൽകുകയായിരുന്നുവെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു.
നഷ്ടപരിഹാരമായി നൽകുന്ന തുകക്ക് സ്ഥലം തന്നെ ഈടായി നൽകുമെന്ന് എസ്റ്റേറ്റ് ഉടമയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുക കോടതിയിൽ കെട്ടിവെക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ഇരുകൂട്ടരോടും കോടതി നിർദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നം പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, അപ്പീൽ ഫയലിൽ സ്വീകരിച്ചു.
എന്നാൽ, പുനരധിവാസത്തെ ബാധിക്കുമെന്നതിനാൽ ഭൂമി ഏറ്റെടുക്കാനായി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കും.
തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഒക്ടോബര്‍ നാലിന് ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി മുന്നോട്ടുപോയെങ്കിലും സര്‍വേ നടപടി പോലും കോടതി സ്‌റ്റേ ചെയ്തു. ഇതുമൂലം ഡിസംബര്‍ 27 വരെ പരിശോധന നടത്താന്‍പോലും സാധിച്ചില്ലെന്നും ആ തടസ്സം ഉണ്ടായിരുന്നില്ലെങ്കിൽ ഈ സമയത്തിനകം കാര്യങ്ങൾ കുറെയേറെ മുന്നോട്ടുപോയേനേയെന്നും മന്ത്രി തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തബാധിതരുടെ പട്ടികയല്ല, ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയാണ് തയാറാക്കിയത്. ഒന്നും രണ്ടും പട്ടിക വീട് നഷ്ടപ്പെട്ടവരുടേതാണ്. 30 ലക്ഷത്തിന്‍റെ വീട് 20 ലക്ഷത്തിന്റേതാക്കി എന്ന പ്രചാരണം തെറ്റാണ്. സ്‌പോണ്‍സര്‍ 20 ലക്ഷം അടച്ചാല്‍ മതി എന്നാണ് പറഞ്ഞത്. ഒരു വീട് നിര്‍മിക്കാൻ യഥാര്‍ഥത്തില്‍ 30 ലക്ഷവും ജി.എസ്.ടിയും വേണമെന്നാണ് കരാര്‍ ഏജന്‍സികള്‍ അറിയിച്ചത്. സ്‌പോണ്‍സര്‍ നല്‍കുന്ന 20 ലക്ഷത്തിന്‍റെ ബാക്കി സാമഗ്രികൾ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കും. എന്നിട്ടും തികഞ്ഞില്ലെങ്കില്‍ സി.എം.ഡി.ആര്‍.എഫിലൂടെ നല്‍കും.
ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ച 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടര്‍ന്ന് ഒമ്പതു മാസത്തേക്ക് അനുവദിക്കും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണ്‍ വാടകക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ക്കുള്ള പാക്കേജ്, ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവര്‍ക്കുള്ള പാക്കേജ്, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം എന്നിവയും നടത്തും. ബെയ്‌ലി പാലത്തിന് പകരമായി സിംഗ്ള്‍ സ്പാന്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.