വയനാട് കലക്ടർക്കെതിരെ നടപടിക്ക് നീക്കം, നോട്ടീസ് അയച്ച് ദുരന്തനിവാരണ വകുപ്പ്: ഫണ്ട് വിതരണത്തിൽ കാലതാമസം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് കലക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം.

ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കലക്ടറുടെ വിശദീകരണം.

ഏപ്രിൽ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ. ബിജുവും ജൂൺ രണ്ടിന് എം.ജി. രാജമാണിക്യമാണ് നോട്ടീസ് അയച്ചത്. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സർക്കാറിന്റെ മുന്നറിയിപ്പ്. മുൻ സർക്കാറിന്റെ കാലത്താണ് നടപടി തുടങ്ങിയത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് കലക്ടർക്കെതിരെ നടപടി നീക്കം തുടങ്ങിയത്.

വായ്പാ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുണഭോക്തൃപട്ടിക അന്തിമം ആക്കുന്നതിൽ വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി ഈ മാസം രണ്ടിന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം അയച്ച കത്തിലാണ് ഗുരുതരമായ പരാമർശങ്ങളുള്ളത്. ദുരന്തം നടന്ന് ഇത്രയും കാലം കഴിഞ്ഞിട്ടും പരിശോധനയോ സൂക്ഷ്മപരിശോധനയോ നടത്താത്ത ഒരു പട്ടിക മന്ത്രിസഭക്ക് മുന്നിൽ സമർപ്പിച്ചത് ഭരണപരമായ വീഴ്ചയെയും ജാഗ്രതക്കുറവിനെയുമാണ് കാണിക്കുന്നതെന്നതാണ് പരാമർശം.

എന്നാൽ, വർഷാവസാനത്തെ കണക്ക് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറി നിയന്ത്രണങ്ങളും സർക്കാറിലെ കാലതാമസവുമാണ് ഫണ്ട് വിതരണം വൈകിയതിന്റെ കാരണമെന്ന് കലക്ടർ ഡി.ആർ. മേഘശ്രീയുടെ വിശദീകരണം. ഉപജീവന സഹായത്തിനായി അനുവദിച്ച ആറു കോടിയിൽ 3.19 കോടി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കായിരുന്നു. എന്നാൽ, സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഈ തുക കലക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയാതെ വന്നതോടെയാണ് പണം ലാപ്സായത് എന്നും മേഘശ്രീ വിശദീകരിക്കുന്നു. ഇക്കാര്യം ഏപ്രിൽ 17ന് ദുരന്തനിവാരണ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ. ബിജു പുറപ്പെടവിച്ച സർക്കുലറിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

വസ്തുത ഇതായിരിക്കെ വയനാട് കലക്ടർക്ക് എതിരായ നടപടി നീക്കം പ്രതികാര നടപടിയാണെന്നാണ് ഭരണവൃത്തങ്ങളിൽ ഉയരുന്ന ആക്ഷേപം. ചീഫ് സെക്രട്ടറി കർശന സ്വരത്തിൽ ആവശ്യപ്പെട്ടിട്ടാണ് കലക്ടർക്ക് നോട്ടീസ് അയച്ചതെന്ന് കെ. ബിജുവും എം.ജി. രാജമാണിക്യവും സമ്മതിക്കുന്നുണ്ട്. സംഭവിച്ച കാര്യങ്ങൾ എന്താണെന്ന് നേരിട്ട് കണ്ട് വിശദീകരിക്കാൻ വയനാട് കലക്ടർ അനുമതി ചോദിച്ചിട്ടും ചീഫ് സെക്രട്ടറി സമ്മതിച്ചില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

Tags:    
News Summary - Action against Wayanad Collector, Disaster Management Department Secretary sends notice: Delay in fund distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.