പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി വിഷയത്തിൽ സർക്കാർ തിരുത്തലിന് തയാറാകണമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം.
കൃഷിക്കുള്ള വെള്ളം മദ്യനിർമാണത്തിനായി ഉപോയോഗിക്കാൻ അനുവദിക്കരുതെന്നും ജനങ്ങളുടെ താൽപര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽപെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണമെന്നും ലേഖനത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മോകേരിയാണ് പാർട്ടി പത്രത്തിൽ ലേഖനമെഴുതിയത്.
"പാലക്കാട്ടെ ബ്രൂവറി പ്ലാന്റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. പാലക്കാട്ടെ നെൽകൃഷി അഭിവൃദ്ധിപ്പെടുത്തുകയാണ് മലമ്പുഴ ഡാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ പ്രധാനം. മലമ്പുഴ ഡാമിൽ വെള്ളം കുറഞ്ഞുവരികയാണ്. വെള്ളം മറ്റുപല ആവശ്യങ്ങൾക്കും വിട്ടുനൽകി കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
മദ്യവ്യവസായത്തിന് എവിടെ നിന്നാണ് ജലം ലഭിക്കുക ? മദ്യ കമ്പനി ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതോടോ കാർഷിക മേഖല സ്തംഭിക്കും. സംസ്ഥാനത്ത് ഭൂഗർഭ ജലം കുറഞ്ഞ മേഖയായ ചിറ്റൂരിലാണ് എലപ്പുള്ളി എന്ന പ്രദേശം. വെള്ളം വിട്ടുനൽകിയാൽ കാർഷികമേഖല ഇല്ലാതാകും. അത് സംസ്ഥാനത്തിന്റെ താൽപര്യത്തിന് നിരക്കുന്നതല്ല.
ജലചൂഷണത്തിനായി കൊക്കൊകോളയും പെപ്സിയും നടത്തിയ നീക്കങ്ങൾക്കെതിരെ സമരങ്ങൾ മാതൃകപരമായിരുന്നു. ജനങ്ങൾ ആ പ്രക്ഷോഭത്തെ പിന്തുണച്ചു. ജനകീയ ഇടപെടലിലൂടെ കമ്പനിയുടെ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുയായിരുന്നു."- ലേഖനത്തിലൂടെ സി.പി.ഐ മുന്നറിയിപ്പ് നൽകി.
പാലക്കാട്ടെ, വിവാദ ബ്രൂവറിയുടെ കാര്യത്തിൽ മന്ത്രിസഭ യോഗത്തിലെ സി.പി.ഐ മന്ത്രിമാരുടെ നിശ്ശബ്ദതയും നേതൃത്വത്തിന്റെ നിസ്സംഗതയും പാർട്ടിക്കുള്ളിൽ വലിയ വിമർശം നേരിട്ടതോടെയാണ് നേതാക്കൾ ബ്രൂവറിക്കെതിരെ പരസ്യമായ എതിർപ്പ് പ്രകടപ്പിച്ചത്.
സി.പി.ഐക്ക് പിന്നാലെ എൽ.ഡി.എഫിെല മറ്റൊരു ഘടകക്ഷിയായ ജെ.ഡി.എസിലും എതിർപ്പുയർന്നിട്ടുണ്ട്. വ്യക്തമായ നിലപാട് എടുക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി കൃഷ്ണൻ കുട്ടിയെ പിൻവലിക്കണമെന്നും പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.