കൊച്ചി: ജലയാത്രയുടെ മനോഹാരിതയാകെ ഒപ്പിയെടുത്ത് വാട്ടർ മെട്രോയുടെ പൊതുജനങ്ങൾക്കായുള്ള സർവിസ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് ഹൈകോർട്ട് ടെർമിനലിൽനിന്നായിരുന്നു ആദ്യ യാത്ര. കൊച്ചി മെട്രോക്ക് സമാനമായ സൗകര്യങ്ങളുള്ള ടെർമിനലും ബോട്ടുകളും യാത്രക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ആദ്യദിനത്തിൽ നിരവധി യാത്രക്കാരാണ് എത്തിയത്. ഒരേ സമയം വൈപ്പിനിൽനിന്നും ഹൈകോർട്ടിൽനിന്നും ബോട്ടുകൾ യാത്ര തിരിച്ചു. ഹൈകോർട്ട് ടെർമിനലിൽ ആദ്യ ടിക്കറ്റ് നൽകിയത് ഓൾകേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജോ. സെക്രട്ടറിയും കോതമംഗലം പീസ് വാലി വൈസ് ചെയർമാനുമായ രാജീവ് പള്ളുരുത്തിക്കാണ്. ഭിന്നശേഷി സൗഹൃദമാണ് ജലമെട്രോയെന്ന് അദ്ദേഹം പറഞ്ഞു.
വൈപ്പിൻ ടെർമിനലിൽനിന്ന് ആദ്യ ടിക്കറ്റ് നൽകിയത് മുതിർന്ന അഭിഭാഷകനായ എം.ആർ. രാജേന്ദ്രനായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റയും ആദ്യദിന യാത്രയിലുണ്ടായിരുന്നു. വൈപ്പിനിൽനിന്ന് ബോട്ടിൽ കയറിയ അദ്ദേഹം ഹൈകോർട്ടിലെത്തിയശേഷം വീണ്ടും വൈപ്പിനിലേക്ക് മടങ്ങി.
ഹൈകോർട്ട്- വൈപ്പിൻ റൂട്ടിൽ ഒൻപത് ബോട്ടുകളാണ് സർവിസ് നടത്തുന്നത്. കൂടുതൽ ടെർമിനലുകൾ യാഥാർഥ്യമാകുമ്പോൾ ഇനിയും ബോട്ടുകൾ എത്തുമെന്ന് വാട്ടർമെട്രോ അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈറ്റില- കാക്കനാട് റൂട്ടിലും ജലമെട്രോ സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.