കൊച്ചി: ഉദ്ഘാടനം സംബന്ധിച്ച് അന്തിമ തീരുമാനമാകാത്തതിനെ തുടർന്ന് ജലമെട്രോ സർവിസ് വൈകുന്നു. ആദ്യഘട്ട സർവിസ് ആരംഭിക്കുന്ന വൈപ്പിൻ, ഹൈകോടതി ടെർമിനലുകളുടെ നിർമാണം പൂർത്തിയായി സാങ്കേതിക അനുമതികളും ലഭിച്ചിരുന്നു. നിർമാണം പൂർത്തിയായി കൊച്ചി കപ്പൽശാലയിൽനിന്ന് ലഭിച്ച അഞ്ച് ബോട്ടിന്‍റെ ട്രയൽറൺ പൂർത്തിയായിട്ടും നാളുകളായി.
അടിയന്തര ആവശ്യങ്ങൾക്കുള്ള മറ്റൊരു ബോട്ടും സജ്ജമാക്കി എത്തിച്ചിട്ടുണ്ട്. ജലമെട്രോ ആദ്യഘട്ട സര്‍വിസിന് സജ്ജമാണെന്ന വിവരം സർക്കാറിനെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചിരുന്നു. കേന്ദ്രത്തിൽനിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് മാത്രമേ ഉദ്ഘാടന തീയതി പ്രഖ്യാപിക്കാനാകൂവെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഉദ്ഘാടന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
ഡിസംബര്‍ അവസാനത്തോടെ അഞ്ച് ബോട്ടുകൂടി നിര്‍മാണം പൂര്‍ത്തിയായി സര്‍വിസിന് ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന 23 ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് 2021 ഡിസംബറിലാണ് കെ.എം.ആര്‍.എല്ലിന് കൈമാറിയത്. ബോട്ടിൽ 50 പേര്‍ക്ക് ഇരുന്നും 50 പേർക്ക് നിന്നും ഒരേസമയം യാത്ര ചെയ്യാം. പൂര്‍ണമായി ശീതീകരിച്ച ബോട്ടിന് മണിക്കൂറില്‍ 10 നോട്ടിക്കല്‍മൈലാണ് വേഗം. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
38 ടെർമിനലുകളാണ് ജലമെട്രോക്ക് ആകെയുണ്ടാകുക. ഇതില്‍ വൈറ്റിലയിലും കാക്കനാട്ടുമുള്ള ടെര്‍മിനലുകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.76 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 78 ബോട്ടാണ് ആകെ സര്‍വിസിന് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.