പുഴവെള്ളത്തിൽ നിന്നും കുടിവെള്ളത്തിലേക്ക് പ്രവർത്തന മാതൃകയുമായി ജല അതോറിറ്റി

കൊച്ചി: മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിളങ്ങി ജലശുദ്ധീകരണ പ്ലാൻറ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തന മാതൃകയും അതിൽ നടക്കുന്ന ശുദ്ധീകരണ പ്രവർത്തനങ്ങളും മനസിലാക്കാൻ അവസരമൊരുക്കുകയാണ് ജല അതോറിറ്റി.

സംസ്ഥാനത്ത് ആദ്യമായാണ് ജലവിഭവവകുപ്പിന്റെ കീഴിൽ ജലശുദ്ധീകരണ പ്ലാന്റിൻറെ മാതൃക ഇത്തരമൊരു മേളയിൽ പ്രദർശിപ്പിക്കുന്നത്. ജല അതോറിറ്റി ജീവനക്കാരായ ഇ.ഡി. സനൽ, സി.കെ. വിനോദ്, എം.ബി. വിനോദ് എന്നിവർ ചേർന്ന് ഇരുപത് ദിവസം കൊണ്ടാണ് പ്ലാന്റ് മാതൃക നിർമിച്ചത്.

വെർച്വൽ ബീച്ചും കാരവനും ടെന്റ് ക്യാമ്പിങ്ങും; ടൂറിസം സാധ്യതകളുടെ ജാലകം

മേളയിൽ സന്ദർശകർക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുകയാണ് വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാൾ. വെർച്വൽ ബീച്ച്, ടെന്റ് ക്യാമ്പിങ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ മാതൃക, കളിമൺ പാത്ര നിർമ്മാണ കേന്ദ്രം, കാരവൻ തുടങ്ങിയവയാണ് ടൂറിസം വകുപ്പ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

തിരമാലകള്‍ തഴുകി അകലുന്ന തീരത്തിന്റെ സമാന അനുഭവം സമ്മാനിക്കുന്നതാണ് വെർച്വൽ ബീച്ച്. മിനി ബീച്ച് സന്ദർശിക്കുന്ന പ്രതീതിയാണ് ഇവിടെ എത്തുന്നവർക്ക് ലഭിക്കുക. മേള കാണാൻ വരുന്ന കുട്ടികൾ ഏറെ കൗതുകത്തോടെയാണ് വെർച്വൽ ബീച്ച് ആസ്വദിക്കുന്നത്.

വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതവും പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്നതുമായ യാത്രാനുഭവം പകരുന്ന കാരവന്‍ ടൂറിസത്തെ അടുത്തറിയാനും മറൈൻ ഡ്രൈവ് മൈതാനത്ത് അവസരമുണ്ട്.

ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടില്‍ വ്യവസായ മാതൃകയില്‍ ഗ്രാമീണ ഭംഗിയുള്ള അന്തരീക്ഷവും സജ്ജമാക്കിയിട്ടുണ്ട്. കളിമൺ പാത്രം നിർമ്മാണവും സ്റ്റാളിൽ ക്രമീകരിച്ചിരിക്കുന്നു. താല്പര്യമുള്ളവർക്ക് സ്വന്തമായി പാത്രം നിർമ്മിക്കുകയും ചെയ്യാം.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ താമസ സൗകര്യങ്ങളും മറ്റ് ആകര്‍ഷണങ്ങളും, ഹോം സ്റ്റേകൾ, സേവനങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്. ടൂറിസം രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും നൂതന ആശയങ്ങളും ഒറ്റനോട്ടത്തിൽ അറിയാനുള്ള അവസരമാണ് സ്റ്റാളിലുള്ളത്.

 

Tags:    
News Summary - Water Authority with an operational model from river water to drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.