കൊച്ചി: വീട് മാറുമ്പോഴും പുതുക്കുമ്പോഴും ഉണ്ടാകുന്ന പാഴ്വസ്തുക്കൾ എന്ത് ചെയ്യുമെന്നോർത്ത് ടെൻഷൻ അടിക്കേണ്ട. ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കാൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് ക്ലീൻ കേരള കമ്പനി. എല്ലാ ജില്ലയിലും സംവിധാനം വൈകാതെ നടപ്പിൽവരും. പ്രത്യേക കേന്ദ്രങ്ങൾ വഴിയാകും പാഴ്വസ്തുക്കൾ ശേഖരിക്കുക.
നിലവിൽ വീടുകളിൽനിന്ന് ഹരിത കർമസേനാംഗങ്ങൾ വഴി ക്ലീൻ കേരള കമ്പനി പാഴ്വസ്തുക്കളും മാലിന്യവും ശേഖരിക്കുന്നുണ്ട്. കമ്പനി നേരിട്ട് വീടുകളിലേക്ക് എത്തുകയാണ് പുതിയ പദ്ധതിയിലൂടെ. വീട് മാറിപ്പോകുമ്പോഴും നവീകരണം നടത്തുമ്പോഴും ഉണ്ടാകുന്ന പാഴ്വസ്തുക്കൾ എന്ത് ചെയ്യുമെന്നത് വലിയ തലവേദനയാണ്.
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമായ വിധത്തിൽ അശ്രദ്ധമായി നിക്ഷേപിക്കുകയോ ചെയ്യുന്ന പ്രവണത തടയുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലും തിരുവനന്തപുരം മുട്ടത്തറയിലുമാണ് സംവിധാനം നടപ്പാക്കുന്നത്. വിജയമെന്ന് കണ്ടാൽ മറ്റു ജില്ലകളിലും നടപ്പാക്കും. ഓരോ ജില്ലക്കും പ്രത്യേക ഫോൺ നമ്പർ ഉണ്ടാകും. ഈ നമ്പറിൽ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന മാർഗനിർദേശമനുസരിച്ച് നിശ്ചിത കേന്ദ്രത്തിൽ പാഴ്വസ്തുക്കൾ എത്തിച്ചുനൽകാം. പഴയ മെത്ത, തലയണ, കുഷ്യൻ തുടങ്ങിയവയെല്ലാം സമാഹരിക്കും. സിമന്റ് ഫാക്ടറിയിൽ സംസ്കരിക്കേണ്ടവക്ക് കിലോക്ക് പത്തുരൂപ നിരക്കിൽ വീട്ടുടമ നൽകണം. മൂല്യവത്തായ മറ്റു പാഴ്വസ്തുക്കൾക്ക് വീട്ടുടമക്ക് വില ലഭിക്കും. വീട് നിർമാണം, പൊളിച്ചുമാറ്റൽ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം തൽക്കാലം ശേഖരിക്കില്ല.
തുടക്കത്തിൽ ജില്ലയിൽ ഒരു കേന്ദ്രമാകും ഉണ്ടാവുക. ജനവാസം കൂടുതലുള്ള മേഖലകളെയാകും ആദ്യം തെരഞ്ഞെടുക്കുക. പിന്നീട് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.