വി. അബ്ദുറഹ്മാൻ
മെസ്സിയുടെ പേരിലെ ‘കള്ളക്കളി’; ആദ്യഘട്ടത്തിൽ മുൻ കായികമന്ത്രി ഉൾപ്പെടെ അഞ്ച് പേർ പ്രതികളായേക്കും
തിരുവനന്തപുരം: ലയണൽ മെസ്സി അടങ്ങുന്ന അർജന്‍റീന ടീമിനെ കൊണ്ടുവരാനെന്ന പേരിൽ നടന്ന കള്ളക്കളിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെടെ അഞ്ച് പേരെ പ്രതി ചേർക്കുമെന്ന് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സർക്കാർ അനുമതി നൽകിയാൽ റിപ്പോർട്ടർ ടി.വി. എം.ഡി ആന്‍റോ അഗസ്റ്റിൻ, സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ, മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് യു. ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് എസ്.ഐ.ടി ഉദ്ദേശിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്റ്റേഷനിലാണ് എസ്.ഐ.ടി ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ ആന്‍റോ അഗസ്റ്റിനെയും ആർ.ബി.സിയെയുമാണ് പ്രതി ചേർത്തിരുന്നത്. ഈ എഫ്.ഐ.ആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്താനാണ് എസ്.ഐ.ടി ഉദ്ദേശിക്കുന്നത്. കേസിൽ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ആന്‍റോ അഗസ്റ്റിനെതിരെ ചുമത്തുക. ഈ ഗൂഢാലോചനയിലും മുൻ മന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്.
ഈ ഇടപാടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജി.സി.ഡി.എ പ്രതിനിധികളുടെ ഇടപെടലുകളും വിശദമായി അന്വേഷിക്കാൻ അന്വേഷണസംഘം ഉദ്ദേശിക്കുന്നുണ്ട്. എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള അനുമതിയാണ് സർക്കാറിനോട് ഡി.ജി.പി തേടിയിട്ടുള്ളത്.
സംഭവത്തിൽ സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ വിഷയത്തിൽ അഴിമതി നടന്നതായാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. അതിൽ കഴിഞ്ഞ സർക്കാറിലെ ചിലർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേക യോഗം ഉൾപ്പെടെ ഇതിനായി വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അഴിമതി നിരോധനക്കുറ്റം ചുമത്തി അന്വേഷണം എസ്.ഐ.ടി തുടരണമെന്നാണ് ഡി.ജി.പിയുടെ ശിപാർശ. എന്നാൽ അന്വേഷണം വിജിലൻസിന് കൈമറേണ്ടിവരുമോയെന്ന കാര്യവും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.