വഖഫ് ഭൂമി; ഒരു കുടുംബത്തെയും കുടിയിറക്കാന്‍ അനുവദിക്കില്ല -കെ. സുധാകരന്‍

കണ്ണൂര്‍: അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കാനെന്ന വ്യാജേന നിയമാനുസൃതമായി ആധാരം സ്വന്തമാക്കിയ ഭൂവുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.

വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന നിയമാനുസൃതമായ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സി.പി.എം നിയന്ത്രണത്തിലുള്ള വഖഫ് സംരക്ഷണ സമിതി നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികള്‍. അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ സി.പി.എമ്മിന്‍റെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് സാധാരണക്കാരെ ബലിയാടാക്കുന്ന നടപടി.

പ്രാഥമിക അന്വേഷണം നടത്താതെയാണ് സി.പി.എം നോമിനികള്‍ കൈകാര്യം ചെയ്യുന്ന കേരള വഖഫ് ബോര്‍ഡ് രാഷ്ട്രീയ പ്രേരിതമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതും ദ്രുതഗതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പലര്‍ക്കും നോട്ടീസ് ലഭിച്ചത്. പരിഭ്രാന്തരായ ജനത്തിന് മുന്നില്‍ രക്ഷകവേഷം കെട്ടാനുള്ള സി.പി.എമ്മിന്‍റെ നാടകവും ഇതിന് പിന്നിലുണ്ട്. അതേസമയം, ഒരു രേഖയുമില്ലാതെ അന്യായമായി വഖഫ് ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രമാണിമാരെ സംരക്ഷിക്കുക എന്ന ലക്ഷ്യവും സി.പി.എമ്മിനുണ്ട്. ഒരു കുടുംബത്തെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Waqf land; No family will be allowed to migrate -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.