കണ്ണൂരിൽ സമസ്ത കാര്യാലയത്തിന് നേരെ ആക്രമണം; മുസ്‌ലിം ലീഗ് നേതാക്കളെന്ന് ആരോപണം

കണ്ണൂർ: എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാനത്ത് കടുത്ത തർക്കവും സംഘർഷവും. സംഘർഷത്തിനിടെ ഒരുവിഭാഗം ആളുകൾ ഓഫീസിലെ ജനൽ ഗ്ലാസ് ചില്ലുകൾ ഉൾപ്പെടെ അടിച്ചുതകർത്തു. കണ്ണൂർ തായത്തെ ട്രെയിനിങ് സ്കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററിലാണ് സംഭവം അരങ്ങേറിയത്.

മുസ്‌ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുനിസിപ്പൽ കൗൺസിലറുമായ വി.എൻ. മുഹമ്മദലി, കീഴല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അമ്പതോളം വരുന്ന ലീഗ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പഴശ്ശിയിലെ തടസ്സപ്പെടലിന് പിന്നാലെ ജില്ലാ കമ്മിറ്റി വിളിച്ച യോഗം

മട്ടന്നൂർ മേഖല എസ്.കെ.എസ്.എസ്.എഫ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻപ് പഴശ്ശിയിൽ വെച്ച് കൗൺസിൽ സംഗമം വിളിച്ചുചേർത്തിരുന്നു. എന്നാൽ അന്ന് മട്ടന്നൂർ മണ്ഡലം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ഇടപെട്ട് യോഗം തടസ്സപ്പെടുത്തുകയാണുണ്ടായത്.

ഇതേത്തുടർന്നാണ് പ്രശ്നപരിഹാരത്തിനായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെടുകയും കണ്ണൂരിലെ സമസ്ത ജില്ലാ ആസ്ഥാനത്ത് കൗൺസിൽ മീറ്റ് വിളിച്ചുചേർക്കുകയും ചെയ്തത്. എന്നാൽ, ഈ യോഗം നടന്നുകൊണ്ടിരിക്കെ കൗൺസിലർമാരോ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരോ അല്ലാത്ത സംഘം ഇസ്ലാമിക് സെന്ററിലേക്ക് അതിക്രമിച്ചു കയറുകയും ബഹളമുണ്ടാക്കി ഓഫീസിന് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു.

Tags:    
News Summary - SKSSF Election Dispute: Clash at Samastha Kannur District Office; Window Panes Vandalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.