വൈറ്റില മേൽപാലം തുറന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേൽപാലത്തിന്‍റെ ബാരിക്കേഡ് നീക്കി‌ വാഹനങ്ങൾ കയറ്റിവിട്ട സംഭവത്തിൽ മൂന്നു വി ഫോർ കേരള പ്രവർത്തകർ കൂടി അറസ്റ്റിൽ. തമ്മനം സ്വദേശി ആന്‍റണി ആൽവിൻ, കളമശേരി സ്വദേശി സാജൻ, മട്ടാഞ്ചേരി സ്വദേശി ശകീർ അലി എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ വി ഫോര്‍ കേരള എന്ന സംഘടനയുടെ കൊച്ചി ഘടകമായ 'വി ഫോർ കൊച്ചി'യുടെ കോർഡിനേറ്റർ നിപുൺ ചെറിയാൻ, ആഞ്ജലോസ്, വർഗീസ്, സുരാജ് ഡെന്നീസ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ഇവർ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടത്തിവിട്ടത്. നിരവധി വാഹനങ്ങളാണ് പാലത്തിൽ കയറി‍യത്. എന്നാൽ മറുവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾ പാലത്തിൽ കുരുങ്ങി. ഇത് വലിയ ​ഗതാ​ഗതകുരുക്കിനാണ് വഴിവച്ചത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് ബലമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു.

കാറുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അര മണിക്കൂറോളമാണ് പാലത്തിൽ കുരുങ്ങിയത്. പാലത്തിൽ അതിക്രമിച്ചു കടന്നതിന് 10 വാഹന ഉടമകൾക്കെതിരെയും പൊതുമരാമത്ത് വകുപ്പിന്‍റെ പരാതിയിൽ മരട് പൊലീസ് കേസെടുത്തിരുന്നു. മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

എന്നാൽ, വൈറ്റില മേല്‍പാലം ജനകീയ ഉദ്ഘാടനം കഴിഞ്ഞെന്ന് നിപുൺ ചെറിയാൻ ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച് വഴി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര കുറ്റകൃത്യം ആണ് ചെയ്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരെ വി4 കേരള നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.