കോടതികളിലെ ‘മാധ്യമ വിലക്ക്’: ഹൈകോടതി ചീഫ് ജസ്റ്റിസിന് വി.എസിന്‍െറ കത്ത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ക്ക് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നതിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിരലിലെണ്ണാവുന്ന അഭിഭാഷകരുടെ ദുര്‍വാശിയും ദുരഭിമാനവും ജനാധിപത്യവിരുദ്ധ സമീപനവും മൂലമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനാവാതെ വന്നത്. ഒത്തുതീര്‍പ്പുചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായെങ്കിലും മാധ്യമപ്രവര്‍ത്തകരെ കോടതി  പരിസരങ്ങളല്‍നിന്നുപോലും തല്ലിയോടിക്കുന്ന സമീപനമാണ് ഒരുപറ്റം അഭിഭാഷകര്‍ സ്വീകരിച്ചത്. വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതിലേക്കുപോലും അത് എത്തി. രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ അഭിഭാഷകര്‍ക്കുനേരെ വധഭീഷണി ഉയര്‍ത്തി എന്ന് കള്ളക്കേസും നല്‍കിയിരിക്കുകയാണ്. കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശം നിഷേധിക്കുന്നത് അറിയാനുള്ള അവകാശത്തിന്‍െറ നിഷേധമാണ്. ഇതു നമ്മുടെ സമൂഹത്തെ കാറ്റും വെളിച്ചവും കടക്കാതെ ഇരുളടഞ്ഞതാക്കി മാറ്റും.
17ാം നൂറ്റാണ്ട് മുതല്‍ പത്രസ്വാതന്ത്ര്യത്തിനുവേണ്ടി ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള മുറവിളികള്‍ വി.എസ് കത്തില്‍ ഓര്‍മിപ്പിച്ചു. ഇനിയും ഈ പ്രശ്്നം കൂടുതല്‍ വഷളാകാതെ പരിഹരിക്കാന്‍  ചീഫ് ജസ്റ്റിസുതന്നെയാണ് ശക്തമായ ഇടപെടല്‍ നടത്തേണ്ടതെന്നും അതിന് ഇനി അല്‍പംപോലും വൈകരുതെന്നും കത്തില്‍ പറയുന്നു.

Tags:    
News Summary - vs letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.