തിരുവനന്തപുരം: നോട്ട് നിയന്ത്രണവിഷയത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് വി.എസ്. അച്യുതാനന്ദന്‍. കോടിക്കണക്കിന് സാധാരണക്കാരുടെ വയറ്റത്തടിച്ച് നോട്ട് നിരോധിച്ചയുടനെ മോദി ജപ്പാനിലേക്ക് പറക്കുകയായിരുന്നു. അവിടെ പോയി കുശാലായി ശാപ്പാടടിക്കുന്നു, പാട്ടുപാടി രസിക്കുന്നു, കുഴലൂതുന്നു, ഡാന്‍സ് ചെയ്യുന്നു. അങ്ങനെ ജോറായി രസിച്ചുനടക്കുകയാണ്. സഹകരണജീവനക്കാരുടെ പ്രതിഷേധസംഗമം റിസര്‍വ് ബാങ്കിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്വാനിച്ചുണ്ടാക്കിയതില്‍ നിന്ന് മുണ്ടുമുറുക്കിയുടുത്ത് മിച്ചം വെച്ച പണമാണ് സാധാരണക്കാരന്‍ ബാങ്കില്‍ നിക്ഷേപിച്ചത്. അത് വാങ്ങാന്‍ ഉള്ള പണി പോലും കളഞ്ഞ് ബാങ്കുകള്‍ക്കുമുന്നില്‍ ക്യൂ നിന്ന് ജീവിതം നരകിക്കുകയാണ്. ഇടക്ക് കരഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയും പൊട്ടിച്ചിരിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്ന മോദിയെ തൂക്കിലേറ്റുകയല്ല, മറിച്ച് പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്യുന്നവരെ അയക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്.
പണം പിന്‍വലിക്കുവരെ മുഴുവന്‍ ചാപ്പകുത്താനാണ് മോദി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണമനുഷ്യരെ മുഴുവന്‍ കള്ളന്മാരാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ചാപ്പകുത്താന്‍ ചെലവഴിക്കുന്ന സമയവും അധ്വാനവും കൊണ്ട് ആവശ്യമുള്ള പണം ബാങ്കുകളില്‍ എത്തിക്കാമായിരുന്നു. അദ്ദേഹത്തിന്‍െറ പാവം അമ്മയുടെ കൈയില്‍ വരെ ചാപ്പകുത്തി. 95 വയസ്സുകഴിഞ്ഞ ആ അമ്മയുടെ ശാപത്തില്‍ നിന്ന് മോദിക്ക് രക്ഷപ്പെടാന്‍ കഴിയുമോ. ചാപ്പകുത്തുന്ന ഒരു പ്രധാനമന്ത്രിയെ ലോകത്തിന് സമ്മാനിച്ചതില്‍ ബി.ജെ.പിക്കാര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്.
വലിയ വായില്‍ പലതും തട്ടിവിടുന്നതല്ലാതെ, പറയുന്ന കാര്യത്തില്‍ മോദിക്ക് ഒരു ആത്മാര്‍ഥതയുമില്ല. അധികാരത്തില്‍ വന്നയുടന്‍ വിദേശത്തേക്ക് പറക്കുകയായിരുന്നു പ്രധാനമന്ത്രി. ഉലകം ചുറ്റും വാലിബനെന്ന പേര് പ്രധാനമന്ത്രി ഇപ്പോഴും മുറതെറ്റാതെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.