അഴിമതി​ കേസുകളിലെ അന്വേഷണം: ജേക്കബ് തോമസിനെതിരെ തുറന്നടിച്ച് വി.എസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ തുറന്നടിച്ച് വി.എസ്. അച്യുതാനന്ദന്‍. പാറ്റൂര്‍, ടൈറ്റാനിയം അഴിമതിക്കേസുകളിലും മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലും ബാര്‍ കോഴക്കേസിലും വിജിലന്‍സ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷിപ്പിക്കാത്തത് ദുരൂഹമാണെന്ന് വി.എസ് പ്രസ്താവിച്ചു.

പ്രതികളുടെ ഉന്നത സ്വാധീനം നിമിത്തം കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് സംശയം നിലനില്‍ക്കുന്നു. വിദഗ്ധസംഘത്തെ നിയോഗിച്ച് അഴിമതിക്കേസുകളില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നടപടി എടുക്കണം. സര്‍ക്കാറിന്‍െറ അഴിമതിവിരുദ്ധ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞിനും രമേശ് ചെന്നിത്തലക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി 2014 ഏപ്രില്‍ 28ന് ഉത്തരവിട്ടു.

ഇത് 2014 ഡിസംബര്‍ 19ന് ഹൈകോടതി ശരിവെച്ചു. ഈ കേസ് ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടും വിജിലന്‍സിന്‍െറ അന്വേഷണം നടക്കുന്നതായി മനസ്സിലാക്കുന്നില്ല. വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിട്ടില്ല -വി.എസ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - vs achuthanandan slams ldf government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.