സരിത് കല്ലട, വി.എസ് അച്യുതാനന്ദൻ

'എന്റെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യാൻ പോകുകയാണ്, ഞാൻ ആദ്യമായി രക്തം ചർദ്ദിച്ചത് വി.എസിന് വേണ്ടി മുദ്രാവാക്യം വിളിച്ചപ്പോഴാണ്, എന്റെ ശബ്ദം നഷ്ടപ്പെടുന്നതിന് മുൻപ് എന്റെ സഖാവിന് വേണ്ടി ഉറക്കെ മുദ്രാവാക്യം വിളിക്കണം'

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ദേഹം ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ വലിയ ചുടുക്കാട്ടിലേക്ക് എടുക്കുമ്പോൾ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന അനേകായിരങ്ങൾക്കിടയിൽ ഒരാളാണ് സരിത് കല്ലട.

എന്നാൽ, ആ മുദ്രാവാക്യം വിളികൾക്ക് ശേഷം എത്രകാലം തന്റെ ശബ്ദം തനിക്ക് ലഭിക്കും എന്നൊരുറപ്പ് പോലുമില്ലാത്ത സരിത്തിന്റെ ആ വിളികൾക്ക് അൽപം മൂർച്ച കൂടും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സർജറി കാത്ത് കഴിയുന്ന കൊല്ലം സ്വദേശി സരിത്താണ് പ്രിയ സഖാവിനെ അവസാനമായി കാണാനും അഭിവാദ്യം അർപ്പിക്കാനുമായി കുടുംബ സമേതം ആലപ്പുഴയിലേക്കെത്തിയത്.

ഗാനമേളകളിൽ സജീവമായിരുന്ന സരിത് കല്ലട അടിയുറച്ച സി.പി.എമ്മുകാരനുമായിരുന്നു. പാട്ടുപാടിയും പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും സജീവമായിരുന്ന കാലത്താണ് ശ്വാസകോശ സംബന്ധമായ അസുഖം പിടിപ്പെട്ട് ചികിത്സയിലാവുന്നത്. സർജറിക്ക് വേണ്ടി പണംകണ്ടെത്താൻ വീണ്ടും തെരുവിൽ പാട്ടുപാടുന്ന സരിത്തിനെ കൊല്ലത്തും പരിസരത്തും കാണാത്തവർ കുറവായിരിക്കും.

ആലപ്പുഴയിൽ വി.എസിനെ അവസാനമായി കാണാനെത്തിയപ്പോൾ സരിതിന്റെ വാക്കുകൾ ..

" എന്റെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യാൻ പോകുകയാണ്, ഞാൻ ആദ്യമായി രക്തം ചർദ്ദിച്ചത് വി.എസിന് വേണ്ടി മുദ്രാവാക്യം വിളിച്ചപ്പോഴാണ്, എന്റെ ശബ്ദം നഷ്ടപ്പെടുന്നതിന് മുൻപ് എന്റെ സഖാവിന് വേണ്ടി ഉറക്കെ മുദ്രാവാക്യം വിളിക്കാനും അഭിവാദ്യം അർപ്പിക്കാനുമാണ് ഞാൻ വന്നത്. ചിലപ്പോൾ എന്റെ അച്ഛൻ മരിച്ചാൽ ഞാൻ ഇങ്ങനെ കരയുമോ എന്നറിയില്ല. 102 വയസ് വരെ ജീവിച്ച മനുഷ്യൻ മരിച്ചപ്പോൾ ഇത്രയുംപേർ കരയുന്നുണ്ടെങ്കിൽ ജനമനസുകളിൽ വി.എസ് ആരായിരുന്നുവെന്ന് വ്യക്തമാകും. കിഡ്നി പേഷ്യന്റുകൂടെയായ ഞാൻ 2017 ന് ശേഷം ഇത്രയും ദൂരം നടക്കുന്നതും നിൽക്കുന്നതും ഇപ്പോഴാണ്. ബാലസംഘത്തിൽ തുടങ്ങിയതാണ് പാർട്ടിയുമായുള്ള ബന്ധം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐയിലൂടെ സി.പി.എമ്മിന്റെ അംഗമായിരുന്നയാളാണ്. ചെങ്കൊടിയുടെ കീഴിലുള്ള സൂര്യനാണ് അസ്തമിച്ചിരിക്കുന്നത്.'

Tags:    
News Summary - VS achuthanandan- Sarith kallada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.