തളിപ്പറമ്പിൽ ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ച കോൺഗ്രസിന്‍റെ ‘ജയന്‍റ് കില്ലർ’; പിണറായിയെ വിറപ്പിച്ച വി.പി. അബ്ദുൽ റഷീദിനെ അറിയാം...

കണ്ണൂർ: ഇടതു തരംഗം ആഞ്ഞടിച്ച 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് മികച്ച പ്രകടനം നടത്തിയതോടെയാണ് കോൺഗ്രസിലെ യുവ നേതാവായ വി.പി. അബ്ദുൽ റഷീദ് രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. മുതിർന്ന നേതാവ് കെ. സുധാകരൻ മുതൽ ക്രൗഡ് പുള്ളർ ഷാഫി പറമ്പിൽ വരെയുള്ള നേതാക്കളിൽ ആരെങ്കിലും പിണറായിക്കെതിരെ മത്സരിക്കാൻ ധർമടത്ത് എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ യുവ നേതാവായ അബ്ദുൽ റഷീദിനാണ് നറുക്കുവീണത്.

ആ തീരുമാനം തെറ്റിയില്ല. അഞ്ചു റൗണ്ട് പിന്നിടുമ്പോഴും പിണറായിയെ വിറപ്പിച്ച് അബ്ദുൽ റദീഷ് ലീഡ് നിലനിർത്തുകയാണ്. മുഖ്യമന്ത്രി എന്നതിനപ്പുറം, സി.പി.എമ്മിന്‍റെ ഉരുക്കുകോട്ട കൂടിയാണ് ധർമടം. ഇവിടെ ഇത്തരത്തിലൊരു മുന്നേറ്റം കോൺഗ്രസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തളിപ്പറമ്പിൽ 2016ൽ ജെയിംസ് മാത്യു 40,617 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. എന്നാൽ, 2021ൽ അബ്ദുൽ റഷീദ് ഭൂരിപക്ഷം 22,689 വോട്ടാക്കി കുറിച്ചു. തോറ്റെങ്കിലും ‘ജയന്റ് കില്ലർ’ ഇമേജ് നേടാൻ ഇതിലൂടെ കോൺഗ്രസിലെ യുവനേതാവിനായി.

തോറ്റശേഷവും തളിപ്പറമ്പിൽ തന്നെ കേന്ദ്രീകരിച്ചരിച്ചു പ്രവർത്തിക്കുകയായിരുന്നു റഷീദ്. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയെത്തിയപ്പോൾ സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറിയാണ് റഷീദിനെ ധർമടത്തേക്ക് പരിഗണിക്കാൻ കാരണം. പാർട്ടി വിട്ടെത്തിയ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ യു.ഡി.എഫ് സ്വതന്ത്രനായി. ജവാഹർ ബാലജനവേദിയിലൂടെയും കെ.എസ്‌.യുവിലൂടെയുമാണ് അബ്ദുൽ റദീഷ് സംഘടനാ രംഗത്തെത്തിയത്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവുമാണ്. ധർമടം മണ്ഡലത്തിലെ പലയാട് കാമ്പസിലായിരുന്നു നിയമപഠനം. ഒരു വർഷം പൊലീസ് സുരക്ഷയിലാണ് പഠനം പൂർത്തിയാക്കിയത്. ആറു വർഷമായി ധർമടം നിയോജക മണ്ഡലത്തിലെ പോതുവാച്ചേരിയിൽ ആണ് സ്ഥിരതാമസം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിൽ സ്ഥിരാംഗമായിരുന്നു.

ആദ്യ അഞ്ചുറൗണ്ടുകളും വോട്ടെണ്ണി കഴിഞ്ഞപ്പോൾ പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിലാണ്. യു.ഡി.എഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദാണ് മുന്നിൽ. നിലവിൽ യു.ഡി.എഫ് 27869 വോട്ടുകൾ നേടിയപ്പോൾ പിണറായി വിജയൻ 26779 വോട്ടുകൾ നേടി. സി.പി.എമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്.

ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൽ റഷീദ് ലീഡെടുത്തു. പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൽ റഷീദ് 5741 വോട്ടുകൾ നേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ. രണ്ടാം റൗണ്ടിൽ അബ്ദുൽ റഷീദ് ലീഡ് 2523 വോട്ടുകളായി ലീഡ് ഉയർത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി മാറി. നാലാം റൗണ്ടിലും അബ്ദുൽ റഷീദ് ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൽ റഷീദിന്റെ ലീഡ് 2812 വോട്ടുകളാണ്. ഇനി 10 റൗണ്ടുകൾ എണ്ണാനുണ്ട്.

റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവന്‍കുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവർ പിന്നിലാണ്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്.

Tags:    
News Summary - VP Abdul Rasheed who is making Pinarayi trailing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.