തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

കൊച്ചി : വിദ്യാഭ്യാസ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന പഠന രീതികൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള മരട് ഗവ. ഐ.ടി.ഐ യിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഐ.ടി.ഐ കളെ കാലാനുസൃതമായി വികസിപ്പിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനുമുള്ള നിരവധി പദ്ധതികൾ സർക്കാർ പരിഗണനയിലുണ്ട്. യുവതലമുറയെ വാർത്തെടുക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു. യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിലൂടെ കൂടുതൽ തൊഴിലാളികളെ വാർത്തെടുക്കാനാകുമെന്നും സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അവരുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികളിൽ സ്വയംതൊഴിൽ സംരംഭകത്വം, പാഠ്യേതര വിഷയങ്ങളിൽ അറിവ്, സാമൂഹ്യബോധം എന്നിവ രൂപപ്പെടുന്നതിൽ മരട് ഐടിഐ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെൽ ട്രെയിനികൾക്ക് വിശാലമായ തൊഴിലവസരം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഐ.ടി.ഐക്ക് 2019 സംസ്ഥാന സർക്കാർ അനുവദിച്ച 9.39 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട നിർമിച്ചത്. രണ്ട് നിലകളിലായി നിർമിച്ച പുതിയ കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ക്ലാസ് മുറികൾ, ഇലക്ട്രോണിക്സ്-മെക്കാനിക്കൽ വർക്ക് ഷോപ്പ്, വെൽഡർ വർക്ക്‌ ഷോപ്പ്, സ്റ്റോർ റൂം, ഇലക്ട്രിക് റൂം, ശുചിമുറി എന്നിവയും രണ്ടാം നിലയിൽ ഇലക്ട്രിഷ്യൻ വർക്ക് ഷോപ്പ്, ഐ.ടി. ലാബ്, ക്ലാസ് മുറി, ഓഫീസ് - സ്റ്റാഫ് മുറി എന്നിവയുമാണുള്ളത്.

ചടങ്ങിൽ കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ആർ. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു.

Tags:    
News Summary - Vocational education will be given importance. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.