മധ്യകേരളത്തിലെ ലീഗിന്‍റെ കരുത്തുറ്റ നേതാവ്, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തൻ

കൊച്ചി: എ​ട​യാ​റി​ലെ ബി​നാ​നി സി​ങ്ക് എ​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലെ ഒരു സാധാരണ ജീവനക്കാരനിൽനിന്ന് എം.എൽ.എയിലേക്കും മന്ത്രിയിലേക്കുമുള്ള വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ വളർച്ചക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നു. രാഷ്ട്രീയ കേരളത്തെ കുലുക്കിയ ഒരു വിവാദത്തിന്റെ ഗതിയാണ് ഇബ്രാഹിംകുഞ്ഞിനെ ആദ്യമായി മന്ത്രിക്കസേരയിലെത്തിച്ചത്. മലബാറിനു പുറത്തു നിന്നൊരു മന്ത്രിയെ കൊണ്ടുവരുക വഴി ലീഗും ചില പാരമ്പര്യങ്ങൾ തട്ടിയെറിഞ്ഞു.

എന്നും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തനും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. 2001-2006ലെ യു.ഡി.എഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോഴാണ് 2005ൽ ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയാകുന്നത്. കുഞ്ഞാലിക്കുട്ടി രാജിവെക്കുമ്പോൾ പകരം ഇബ്രാഹിംകുഞ്ഞിനു നറുക്കുവീഴുമെന്ന അഭ്യൂഹം തുടക്കംമുതലേ രാഷ്ട്രീയകേന്ദ്രങ്ങളിൽ സജീവ ചർച്ചയായിന്നു. കുഞ്ഞാലിക്കുട്ടിയുടെ വിധേയനെന്ന് വിമർശിക്കുന്നവരോടു പോലും സൗമ്യമായി പുഞ്ചിരിച്ചു നീങ്ങുന്ന ഇബ്രാഹിം കുഞ്ഞ് ലീഗിലെ ജനപിന്തുണയുള്ള നേതാക്കളുടെ നിരയിൽപ്പെട്ട വ്യക്ത‌ിയാണ്. എന്നും അണികൾക്കൊപ്പം നിന്നു. ആലുവക്കുടുത്ത് കൊങ്ങോർപ്പള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്‌ലിം ‌സ്റ്റുഡന്‍റ് ഫെഡറേഷനിലൂടെയും (എം.എസ്.എഫ്) ലീഗിന്‍റെ ട്രേഡ് യൂനിയനായ എസ്.ടി.യുവിലൂടെയുമാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. ഐസ്ക്രീം വിവാദത്തിൽ കുടുങ്ങി കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിപദം ഒഴിയുമ്പോൾ പദവി ഏൽപ്പിക്കാൻ വിശ്വസ്തനായി കണ്ടത് നിയമസഭയിലെ കന്നിക്കാരനായ ഇബ്രാഹിം കുഞ്ഞിനെയായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തൻ എന്ന നിലയിൽ ഒന്നര വർഷം ആ ദൗത്യം നിർവഹിച്ചു. ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയിലാണ് എറണാകുളത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2001ൽ സിറ്റിങ് എം.എൽ.എ എം.എ. തോമസിനെ 12,153 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് മട്ടാഞ്ചേരിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. കുഞ്ഞാലിക്കുട്ടി മന്ത്രിസ്‌ഥാനം ഒഴിഞ്ഞപ്പോൾ മുതിർന്ന എം.എൽ.എമാരെയെല്ലാം തഴഞ്ഞ് 2005 ജനുവരി ആറിന് സംസ്ഥാന വ്യവസായ-സാമൂഹിക ക്ഷേമമന്ത്രിയായി. 2006ൽ മട്ടാഞ്ചേരിയിൽനിന്ന് വീണ്ടും നിയമസഭയിലെത്തി. ഭൂരിപക്ഷം 15,523. പേരും മണ്ഡലഘടനയും മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും മാറിയപ്പോൾ കളമശേരിയിലേക്ക് ചുവട് മാറ്റേണ്ടി വന്നു. വ്യവസായ മണ്ഡലത്തിൽ തൊഴിലാളി നേതാവ് കെ. ചന്ദ്രൻപിള്ളയെ 7,789 വോട്ടിന് പരാജയപ്പെടുത്തി ഇബ്രാഹിംകുഞ്ഞ് ഹാട്രിക് വിജയം നേടി.

2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് ആറിന് കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതുദർശനം. രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിക്കും.

ബുധനാഴ്ച രാവിലെ 10ന് ആലങ്ങാട് ജുമാ മസ്ജിദിൽ ഖബറടക്കും. നദീറയാണ് ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ. മക്കൾ: അഡ്വ. വി.ഇ. അബ്‌ദുൽ ഗഫൂർ, വി.ഇ. അബ്ബാസ് (ലണ്ടൻ), വി.ഇ. അനൂപ്. അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ. ബീരാൻ സഹോദരനാണ്.

Tags:    
News Summary - VK Ebrahim Kunju -A powerful leader of the Muslim League in central Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.