കൊല്ലപ്പെട്ട വിഷ്ണുപ്രിയ, പ്രതി ശ്യാംജിത്ത് 

വിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്താൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത് വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും അതിവേഗം പൂർത്തിയാക്കിയ കേസാണിത്. കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്താണ് (27) കേസിലെ പ്രതി.

2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2023 സെപ്റ്റംബർ 21നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്.

പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് കൊലപാതകമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 

സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരാകുന്നത്. 

Tags:    
News Summary - Vishnupriya murder case verdict will be delivered on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.