വിപഞ്ചികയെ കൊന്നത് ഭർത്താവും ഭർതൃപിതാവും, കൊടിയ പീഡനം നേരിട്ടിട്ടും മകൾ എല്ലാം നിശബ്ദമായി സഹിക്കുകയായിരുന്നുവെന്ന് മാതാവ് ശൈലജ

കൊല്ലം: കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയേയും മകളെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണവുമായി മാതാവ് ശൈലജ. മകൾ വിപഞ്ചികയെ ഭർത്താവ് നിതീഷും ഭർതൃ പിതാവും ഭർതൃ സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് മാതാവിന്‍റെ പരാതി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

വിപഞ്ചികയേയും ഒന്നേകാൽ വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്‍റെ ആരോപണം. ഷാർജയിൽ വച്ച് ഭർത്താവ് നിതീഷും വീട്ടുകാരും ചേർന്ന് വിപഞ്ചികയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങൾ എല്ലാം ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഭർത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടിൽ വരാൻ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു.

ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉള്ള വിപഞ്ചികയുടെ ചിത്രങ്ങളും കുടുംബത്തിന് ലഭിച്ചു. മൃതദേഹം നാട്ടിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താൻ ആണ് കുടുംബത്തിന്‍റെ നീക്കം.

ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചു. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് മോഹന്‍ എന്നിവരും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹനന്‍ ആണെന്നും വ്യക്തമായി വിപഞ്ചിക രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്. പിതാവ് എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല.

കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തില്‍ പറയുന്നു.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

Tags:    
News Summary - Vipanchika was killed by her husband and father-in-law, and despite facing severe torture, her daughter endured everything silently, says mother Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.