കേരളാ നിയമസഭ
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡിന് അധികാരം നൽകുന്ന വന്യജീവി ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ ബില്ലിൽ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പലതവണ നേരിട്ടും കത്ത് മുഖാന്തരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രായോഗികമായ നില തുടരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.എങ്ങനെ കർഷകരെ സഹായിക്കാമെന്ന ചിന്തയിലാണ് ബില്ലിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നിയെ കൊല്ലാനും തിന്നാനും പറ്റണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. ഇതിന് അനുമതി വേണമെന്നും മന്ത്രി പറഞ്ഞു.
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് 1972ലെ കേന്ദ്ര വന്യജീവി നിയമപ്രകാരം കടുത്ത വ്യവസ്ഥകളാണുള്ളത്. ആറംഗസമിതി രൂപീകരിക്കുകയും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയും വേണം. പിന്നീട് കെണിവെച്ച് പിടികൂടണം എന്നാണ് വ്യവസ്ഥ. ഇതിനും കഴിയാതെ വന്നാൽ മാത്രമാണ് വെടിവെച്ചു പിടികൂടാനുള്ള വ്യവസ്ഥ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഈ കർശന വ്യവസ്ഥയ്ക്ക് ഇളവ് നൽകുന്ന നിയമ ഭേദഗതിക്കാണ് അംഗീകാരം നൽകിയത്. സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകുന്ന വനം നിയമ ഭേദഗതി ബില്ലും നിയമസഭയില് അവതരിപ്പിച്ചു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാം എന്നാണ് വ്യവസ്ഥ.
നിർദിഷ്ട നിയമ ഭേദഗതി പ്രകാരം ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ വ്യവസ്ഥയുണ്ടെന്നതാണ് പ്രത്യേകത. ഇതനുസരിച്ച് വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കേറ്റാൽ ബന്ധപ്പെട്ട ജില്ല കലക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങൾക്ക് വേണ്ടി കാത്തുനിൽക്കാതെ ആ മൃഗത്തെ കൊല്ലുന്നത് ഉൾപ്പെടെയുള്ള തുടർ നടപടി സ്വീകരിക്കാം.
ഇതിന് പുറമെ പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ കേന്ദ്ര അനുമതി കൂടാതെതന്നെ ജനന നിയന്ത്രണം, നാടുകടത്തൽ എന്നിവക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാറിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാറിന് ഈ അധികാരം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്. നേരത്തേ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഭേദഗതി ബിൽ കൊണ്ടുവന്നത്.
അഞ്ചുവർഷത്തിനിടെ 486 പേരാണ് വന്യജീവി ആക്രമണത്തിൽ സംസ്ഥാത്ത് കൊല്ലപ്പെട്ടത്. കോടികളുടെ കൃഷി നാശവുമുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ വിവിധ പദ്ധതികളാണ് കോടികൾ മുടക്കി സർക്കാർ നടപ്പാക്കിയത്.
എന്നാൽ, ശാശ്വത പരിഹാരം അകലെയായിരുന്നു. ഇതോടെ രണ്ടാം പിണറായി സർക്കാർ നേരിട്ട ഏറ്റവും വലിയ തലവേദന വനം വകുപ്പിനെ ചുറ്റിപ്പറ്റിയുള്ള ഇത്തരം വിവാദങ്ങളുമായിരുന്നു. വിവാദങ്ങളിൽനിന്ന് പുറത്ത് കടക്കുന്നതോടൊപ്പം മലയോര മേഖലയിലെ ജനങ്ങളെ ഒപ്പം നിർത്താൻ കഴിയുമെന്ന പ്രതീക്ഷയും ബിൽ പാസാക്കുന്നതിലൂടെ സർക്കാറിനുണ്ട്. എന്നാൽ, കേന്ദ്ര അനുമതിയെന്ന വലിയ കടമ്പ ബില്ലിനുണ്ട് എന്നതാണ് സംസ്ഥാന സർക്കാർ നേരിടുന്ന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.