കന്യാസ്‌ത്രീകൾക്കുനേരെ നടന്ന അക്രമം സംഘപരിവാർ താലിബാനിസം -സി.പി.എം

തിരുവനന്തപുരം: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ യാ​ത്രക്കിടെ കന്യാസ്‌ത്രീകൾക്കുനേരെ നടന്ന ബ​ജ്‌രംഗ്‌ദൾ ആ​ക്ര​മ​ണം സംഘപരിവാർ നടപ്പാക്കുന്ന താലിബാനിസത്തിന്‌ തെളിവാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്‌. ആക്രമണത്തിൽ സെക്രട്ടറിയേറ്റ്​ ശക്തമായി പ്രതിഷേധിച്ചു. ആർ.എസ്‌.എസ്‌ നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണത്തിനു കീഴിൽ രാജ്യത്തിന്‍റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന്‌ ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്‌ ഈ സംഭവം.

ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളി​ൽനിന്ന്‌ രക്ഷപ്പെട്ട്‌ സംസ്ഥാനം വിടാൻ കന്യാസ്‌ത്രീകൾക്ക് സഭാവസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത്‌ സംഘപരിവാർ നടപ്പാക്കുന്ന താലിബാനിസത്തിന്‌ തെളിവാണ്‌. എത്രത്തോളം ക്രൂരമായാണ്‌ മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതെന്ന്‌ ഈ സംഭവം വെളിവാക്കുന്നു. തി​രു​ഹൃദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തിന്‍റെ ഡ​ൽ​ഹി പ്രൊ​വി​ൻ​സി​ലെ നാ​ല് കന്യാസ്‌ത്രീകൾക്ക്നേരെയാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ ര​ണ്ടു യു​വകന്യാസ്‌ത്രീകളെ വീ​ട്ടി​ലെ​ത്തി​ക്കാ​നാണ് മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മ​റ്റുര​ണ്ടുപേർ കൂ​ടെ പോ​യ​ത്.

മ​തം​മാ​റ്റാ​ൻ പെൺകുട്ടികളെ കൊ​ണ്ടുപോ​കു​ന്നതായി ആ​രോ​പി​ച്ച്‌ ബഹളമുണ്ടാക്കിയ ബജ്‌രംഗ്‌ദൾ പ്ര​വ​ർ​ത്ത​ക​ർ ഝാ​ൻ​സിയി​ൽ എ​ത്തി​യ​പ്പോ​ൾ കന്യാസ്‌ത്രീകളെ ബ​ലം​പ്ര​യോ​ഗി​ച്ച് പു​റ​ത്തി​റ​ക്കി പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളെ​ല്ലാം കാ​ണിച്ചിട്ടും പൊ​ലീ​സും മോ​ശ​മാ​യാണ്‌ പെ​രു​മാറിയത്‌. ഡൽഹിയിൽനിന്ന്‌ അഭിഭാഷകർ ഉ​ന്ന​ത പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടശേഷം പാതിരാത്രിയോടെയാണ്‌ കന്യാസ്‌ത്രീകളെ മോചിപ്പിക്കാനായത്‌.

ഉത്തർപ്രദേശ്‌ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കും ദലിതർക്കും നേരെയുള്ള ആക്രമണം അനുദിനം വർധിച്ചുവരികയാണ്‌. നിയമവാഴ്‌ച ഉറപ്പാക്കാൻ ബാധ്യതപ്പെട്ട പൊലീസ്‌ സംവിധാനം മിക്കപ്പോഴും അക്രമികൾക്ക്‌ ഒത്താശ ചെയ്യുന്നു. ഗുജറാത്ത്‌ വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്‌. പുരോഹിതനായ ഗ്രഹാം സ്‌റ്റെയിൻസിനെയും അദ്ദേഹത്തിന്‍റെ രണ്ടു മക്കളെയും അക്രമികൾ ചുട്ടുകൊന്ന സംഭവം ഇന്നും നടുക്കുന്ന ഓർമയാണ്‌. ഒഡിഷയിലെ കാന്ധമലിൽ ഉൾപ്പെടെ ക്രൈസ്‌തവ വിശ്വാസികൾക്കും ദേവാലയങ്ങൾക്കും നേരെ നടന്ന ആക്രമണപരമ്പര രാജ്യത്തെ ഞെട്ടിച്ചു. ഒരിടത്തും രക്ഷയില്ലാതെ ഓടിത്തളർന്ന ക്രൈസ്‌തവ വിശ്വാസികൾക്ക്‌ അന്ന്‌ സി.പി. എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ അഭയമൊരുക്കിയിരുന്നു.

ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്‌. ആ അവകാശത്തിന്‍റെ നഗ്നമായ ലംഘനമാണ്‌ ബി.ജെ.പി ഭരണത്തിനുകീഴിൽ സംഘപരിവാർ നടത്തുന്നത്‌. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഈ കാടത്തത്തിനെതിരെ രംഗത്തുവരണമെന്ന്‌ സി.പി.എം സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Violence against nuns is evidence of Sangh Parivar Talibanism - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.