വിജയ് പി. നായർക്കെതിരെ ഐ.ടി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും

തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി വിജയ് പി. നായർക്കെതിരെ ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക. ഹൈടെക് സെൽ അഡീഷണൽ എസ്.പി നൽകിയ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് നടപടിക്കൊരുങ്ങുന്നത്.

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിജയ് പി. നായർക്കെതിരെ ഐ.ടി നിയമം ചുമത്താമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് നിയമോപദേശം നൽകിയത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാം. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ ഐ.ടി വകുപ്പ് ചുമത്തും.

കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ സ്ത്രീകൾ വിജയ് പി. നായരെ കൈയേറ്റം ചെയ്യുകയും ദേഹത്ത് കരിഒായിൽ ഒഴിക്കുകയും ചെയ്തത്. കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെയും സ്ത്രീകളെ അപമാനിച്ചതിന് വിജയ് പി. നായർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് തമ്പാനൂർ പോലീസ് അന്വേഷിക്കുന്നത്. എന്നാൽ വിജയ് പി. നായർക്കെതിരെ ഈ കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്താത്തതിൽ വിമർശനം ഉയർന്നിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.