കേരളത്തിൽ ജാഗ്രത തുടരും; ആറ്​ ജില്ലകളിൽ ശക്​തമായ കാറ്റിനും ഇടിമിന്നലോട്​ കൂടിയ മഴക്കും സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന്​ മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്​നാട്ടിലെ തീരദേശ ജില്ലകളിൽ കനത്ത മഴയാണ്​ പെയ്​തത്​. ചെന്നൈ അടക്കമുള്ള നഗരങ്ങളി​ലെ താഴ്​ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. കേരളത്തിലെ തെക്കൻ ജില്ലകളിൽ പലയിടത്തും നല്ല മഴ ലഭിച്ചു.

മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്

അതിതീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂറിൽ കൂടുതൽ ദുർബലമാകും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്ക്​ സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമാണ്​. ന്യൂനമർദത്തിൻെറ വികാസവും സഞ്ചാരപഥവും വിലയിരുത്തി കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

Tags:    
News Summary - Vigilance will continue in Kerala; Chance of strong winds and thundershowers in six districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.