തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സിന്‍റെ ക്ലീൻ ചിറ്റ്. 2025 സെപ്റ്റംബര്‍ 19ന് സമർപ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.
വി.ഡി. സതീശന്‍റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ലെന്നും അദ്ദേഹം ഫണ്ട് കൈകാര്യം ചെയ്തതായി തെളിവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും വിജിലൻസ് ഡയരക്ടർ ആഭ്യന്തരവകുപ്പിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുനർജനി പദ്ധതിയിൽ ക്രമക്കേടുണ്ടായെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത വാർത്ത രാവിലെ പുറത്തുവന്നിരുന്നു. എഫ്.സി.ആർ.എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്. ഇതിനുശേഷമാണ് ഇപ്പോൾ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നതായ വിവരം പുറത്തുവന്നിരിക്കുന്നത്.
2018 ലെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതിൽ എഫ്.സി.ആർ.ഐ നിയമം ലംഘിച്ചു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയും അന്വേഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.