ചങ്ങനാശ്ശേരി നഗരസഭാ കാര്യാലയത്തിലെ റവന്യൂവകുപ്പില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

ചങ്ങനാശ്ശേരി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; രണ്ട് വനിത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: നഗരസഭയില്‍ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് രണ്ട് വനിത ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ പിടിയില്‍. റവന്യു ഓഫീസര്‍ സുശീല സൂസന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ ശാന്തി എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച വൈകുന്നേരം നാലോടെ ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിലായിരുന്നു സംഭവം. പോത്തോട് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. പരാതിക്കാരന്റെ സുഹൃത്തായ പ്രവാസി മലയാളിയുടെ പുതിയ വീടിന് നമ്പര്‍ കിട്ടുന്നന്നതിനും, അതിന്റെ ടാക്‌സുമായി ബന്ധപ്പെട്ടും നിരന്തരമായി ആര്‍.ഒയെ സമീപിച്ചിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല. തുടര്‍നടപടികള്‍ ഉണ്ടാകുന്നതിനായി ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിച്ചത്.

ഉദ്യോഗസ്ഥര്‍ സംസാരിച്ചത് പരാതിക്കാരന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് വിജിലന്‍സിന്‌ കൈമാറുകയും ചെയ്തു. കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പി വി.ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭ കാര്യാലയത്തിന് പുറത്ത് എത്തി കാത്ത് നിന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരന്‍ നഗരസഭയില്‍ എത്തി. വിജിലന്‍സ് നല്കിയ ഫിനോള്‍ഫ്താലിന്‍ പൗഡര്‍ പുരട്ടിയ 5000 രൂപയുടെ നോട്ടുകള്‍ പരാതിക്കാരന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

തുടര്‍ന്ന് ഇവിടെയ്ക്ക് എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആര്‍.ഒയെ സമീപിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. എന്നാല്‍, പണം വാങ്ങി എന്നത് നിഷേധിച്ചപ്പോള്‍ വിജിലന്‍സ് റവന്യു ഉദ്യോഗസ്ഥരുടെ കൈ മുക്കിക്കുകയായിരുന്നു. നിറവ്യത്യാസം വന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിജിലന്‍സ് സി.ഐ മാരായ റിജോ പി. ജോസഫ്, റെജി എം, എ.ജെ തോമസ്, എസ്.ഐ മാരായ വിന്‍സണ്‍ കെ. മാത്യു, തുളസീധരക്കുറുപ്പ്, സ്റ്റാന്‍ലി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിജിലന്‍സ് റെയ്ഡ് നടത്തിയത്.

ഉദ്യോഗസ്ഥരെ വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.