'കരാറുകാർ എന്ന വ്യാജേന എത്തിയത് വിജിലൻസ് ഉദ്യോഗസ്ഥർ'; റേഷൻ കടകളിൽ കണ്ടെത്തിയത് 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ

തിരുവനന്തപുരം: ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ഗോഡൗണുകളിലും റേഷൻ കടകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി. നാല് ലൈസൻസികളെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിജിലൻസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായി, വിവിധ വകുപ്പുകളിലെ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാനതല മിന്നൽ പരിശോധന. ഈ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നടപടിയാണ് ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ.’

കരാറുകാർ എന്ന വ്യാജേനയാണ് വിജിലൻസ് ഉദ്യോഗസ്ഥർ റേഷൻ കടകളിൽ എത്തിയത്. ഇവർക്ക് ലൈസൻസികളായ വ്യാപാരികൾ റേഷൻ സാധനങ്ങൾ മറിച്ച് വിൽക്കാൻ തയാറായി. അതുവഴി നാല് ലൈസൻസികളെ കൈയോടെ ഉദ്യോഗസ്ഥർ പിടികൂടി. റെയ്ഡിൽ മിക്ക സ്ഥലത്തും സ്റ്റോക്കും രേഖകളും തമ്മിൽ വലിയ വിത്യാസമാണ് കണ്ടെത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ല് തയാറാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയാണ് ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.

18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും കണ്ടെത്തി. കൂടാതെ വാതിൽപ്പടി വിതരണത്തിനുള്ള വാഹനങ്ങളിൽ ജി.പി.എസ് പ്രവർത്തനരഹിതമാണ്. ജി.പി.എസ് ഘടിപ്പിച്ചവ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളാണ് വിതരണത്തിനു ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.14 എൻ.എഫ്.എസ്.എ ഗോഡൗണുകളിലും തെരഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം ഇന്നലെ പരിശോധന നടത്തിയത്.

ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ വ്യാജ ബില്ലിങ്, ഒ.ടി.പി ദുരുപയോഗം എന്നിവ നടത്തി തട്ടിയെടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചു.എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ രേഖകളിൽ കാണിക്കുന്ന സ്റ്റോക്കും യഥാർഥ സ്റ്റോക്കും തമ്മിലെ വൻ വ്യത്യാസം, പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം ഗോഡൗണുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ വിൽക്കൽ തുടങ്ങിയ ഗുരുതര ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.


Tags:    
News Summary - 'Vigilance officers came pretending to be contractors'; Illegal financial transactions worth Rs 18 lakh found in ration shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.