കേരളത്തിൽ ഭൂരിപക്ഷ സമൂഹത്തെ ഒതുക്കാൻ ആസൂത്രിത ശ്രമമെന്ന് വെള്ളാപ്പള്ളി; ‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗീയ സംഘടന തന്നെ’​

ആലപ്പുഴ: കേരളത്തിൽ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിതശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്‍ലിം ലീഗിന്റെ സാന്നിധ്യമുണ്ട്. താൻ ഒരിക്കലും മുസ്‍ലിം മതസമൂഹത്തെയല്ല എതിർക്കുന്നതെന്നും, മറിച്ച് മുസ്‍ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെയാണെന്നും എത്രയോ വട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കുറിച്ചു.

യോഗം മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ്, ‘വേട്ടയാടാൻ വരു​ന്നവരോട്...’ എന്ന തല​ക്കെട്ടിൽ വിമർശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

ഭരണത്തിൽ പങ്കാളികളായാൽ സ്വാഭാവികമായും അവർ വർഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്നതിന് വ്യക്തമായ തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും, അവരുടെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫും, അവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികകളിൽ ഇരിക്കുന്നവരും. ലീഗിന്റെ മന്ത്രിയായ കെ.എം. ഷാജിയുടെ പഴയ ചില പ്രസംഗങ്ങൾ ഞങ്ങൾ ആരും മറന്നിട്ടില്ലെന്നും മറക്കുകയുമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്ന പ്രമുഖ കക്ഷികൾക്ക് പോലും ഇതൊക്കെ പൊതുവേദിയിൽ തുറന്നുകാട്ടാൻ കടുത്ത ഭയമാണ്. എന്നാൽ, ആ ഭയം തനിക്കില്ല. അതിന്റെ പേരിൽ തന്നെ വർഗീയവാദിയാക്കാനാണ് ചിലരുടെ ഭാവമെങ്കിൽ അത് നേരിടാൻ തയാറാണ്.

സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാനാണ് ശ്രമം. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ, എസ്.എൻ.ഡി.പിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തിലെ ചില സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് പൂർവാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം. വെറും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയും. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹത്തിന്റെ യഥാർഥ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉന്നയിക്കുന്നത്.

ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്‍ലിം ലീഗെന്ന ലക്ഷണമൊത്ത വർഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. മുസ്‍ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Tags:    
News Summary - Kerala Facing Organized Move to Side-line Majority Community, Claims Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.