ടോം ജോസിൻെറ വീടുകളില്‍ വിജിലൻസ് റെയ്ഡ്; കേസെടുത്തു

കൊച്ചി: സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വീണ്ടും വിജിലന്‍സ്. തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ടോം ജോസിന്‍െറ വീട്ടിലും ഓഫിസിലും ഭാര്യവീട്ടിലും റെയ്ഡ് നടത്തിയാണ് വിജിലന്‍സ് വീണ്ടും ഐ.എ.എസ് തലത്തില്‍ ഞെട്ടലുണ്ടാക്കിയത്.

ടോം ജോസുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി അഞ്ച് കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ടോം ജോസിന്‍െറ അനധികൃത സമ്പാദ്യത്തെപ്പറ്റി ബുധനാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് പ്രത്യേക അനുമതി നേടിയ ശേഷമായിരുന്നു റെയ്ഡ്. ഇദ്ദേഹത്തിന്‍െറ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുമുണ്ട്. 2010 മുതല്‍ ആറുവര്‍ഷത്തെ വരുമാനവുമായി ഈ കാലയളവിലെ  സമ്പാദ്യം ഒത്തുപോകുന്നില്ളെന്ന ആരോപണത്തെപ്പറ്റി ത്വരിതാന്വേഷണം നടത്തിയ ശേഷമാണ് റെയ്ഡിന് അനുമതി നേടിയത്.
വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ എസ്.പി വി.എന്‍. ശശിധരന്‍െറ നേതൃത്വത്തില്‍ അഞ്ചിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചു.

ടോം ജോസിന്‍െറ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയല്‍ ടവറിലെ ഫ്ളാറ്റ്,  തിരുവനന്തപുരം വെള്ളയമ്പലത്ത് വാടകക്ക് താമസിക്കുന്ന ഫ്ളാറ്റ്,  സെക്രട്ടേറിയറ്റിലെ ഓഫിസ്, ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വീട്, അമേരിക്കയില്‍ താമസിക്കുന്ന വനിതാ സുഹൃത്തിന്‍െറ കോട്ടയം രാമപുരത്തെ വീട് എന്നിവിടങ്ങളിലായിരുന്നു പരിശോധന.  എറണാകുളത്തെ ഫ്ളാറ്റില്‍നിന്ന് മഹാരാഷ്ട്രയിലെ ഭൂമിയിടപാട് സംബന്ധിച്ച രേഖകള്‍, ബാങ്ക് ഇടപാട് രേഖകള്‍, തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് ബാങ്ക് രേഖകള്‍, ഓഫിസില്‍നിന്ന് വിദേശയാത്രയുടെ രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. പരിശോധന നടക്കുമ്പോള്‍ ടോം ജോസ് തിരുവനന്തപുരത്തെ ഫ്ളാറ്റിലുണ്ടായിരുന്നു.

ടോം ജോസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി നവാസ് തായിക്കര വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്‍കിയിരുന്നു. ഇത് കൂടുതല്‍ അന്വേഷണത്തിന് എറണാകുളം സ്പെഷല്‍ സെല്ലിന് അയക്കുകയായിരുന്നു. സെല്ലിന്‍െറ പ്രാഥമിക പരിശോധനയിലാണ് ആറുവര്‍ഷത്തെ വരവും സമ്പാദ്യവുമായി ഒത്തുപോകുന്നില്ളെന്ന് കണ്ടത്തെിയത്. ഇദ്ദേഹം മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗില്‍ 19 ഹെക്ടര്‍ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ബാങ്ക് വായ്പയെടുത്താണ് വാങ്ങിയതെന്നായിരുന്നു വിശദീകരണം. ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നെടുത്ത ഒന്നേകാല്‍ കോടിയുടെ വായ്പ  ഒരു വര്‍ഷത്തിനകം പലിശസഹിതം തിരിച്ചടച്ചിരുന്നു. ഒറ്റയടിക്ക് വായ്പ തിരിച്ചടക്കാനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്ന് സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തിന് അമേരിക്കയില്‍ താമസിക്കുന്ന സുഹൃത്തായ കോട്ടയം രാമപുരം സ്വദേശിനി പ്രഫ. അനിതാ ജോസ് സഹായിച്ചതിനാലാണ് വായ്പ ഒന്നിച്ച് തിരിച്ചടക്കാന്‍ കഴിഞ്ഞത് എന്നായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് അനിതാ ജോസിന്‍െറ വീട്ടിലും പരിശോധന നടത്തിയത്. അവര്‍ വിദേശത്തായതിനാല്‍ കെയര്‍ ടേക്കറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - vigilance case against tom jose ias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.