വെഞ്ഞാറമൂട് പേരുമല കൊലപാതകം നടന്ന വീട്ടിൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശനും സംഘവും
തെളിവെടുപ്പിനെത്തിയപ്പോൾ ഫോട്ടോ -പി.ബി. ബിജു
തിരുവനന്തപുരം: ഇതുവരെ കേട്ടിട്ടില്ലാത്തവിധം നടുക്കുന്നതാണ് തിരുവനന്തപുരത്തെ കൊലപാതകം. രാവിലെ ഒമ്പതിനും വൈകിട്ട് ആറിനുമിടെ ബൈക്കിൽ സഞ്ചരിച്ച് മൂന്നിടത്തായാണ് മാതാവും മുത്തശ്ശിയും കൂടപ്പിറപ്പും ഉൾപ്പെടെ ആറുപേരെ 23കാരനായ അഫ്നാൻ ആക്രമിച്ചത്. അതിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി. അർബുദ രോഗിയായ മാതാവ് അതി ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന്റെ തുടക്കവും പ്രകോപനവും വ്യക്തമല്ലെങ്കിലും നാട്ടുകാരും പൊലീസും നൽകുന്നതനുസരിച്ച് സംഭവം ഇപ്രകാരമാണ്.
പേരുമലയിലെ വീട്ടിൽ പ്രതി അഫ്നാനും മാതാവ് ഷമീനയും അനുജൻ അഫ്സാനുമാണ് താമസം. മാതാവിനെ കഴുത്തു ഞെരിച്ചുകൊല്ലാൻ ഉച്ചക്കുമുമ്പ് അഫ്നാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പുറത്തുപോയി ചുറ്റിക വാങ്ങി വന്ന അഫ്നാൻ മാതാവിന്റെ തലക്കടിച്ച് പരിക്കേൽപിച്ചു. മരിച്ചെന്ന് കരുതി വീട്ടിൽ നിന്നിറങ്ങിയ അഫ്നാൻ ബൈക്കുമെടുത്ത് പോയത് പാങ്ങോട്ടെ, പിതൃമാതാവ് സൽമാ ബീവിയുടെ അടുക്കലേക്ക്. പേരുമലയിൽനിന്ന് പാങ്ങോട്ടേക്ക് 10 കിലോമീറ്ററുണ്ട്.
95കാരിയായ സൽമാ ബീവി അവിടെ തനിച്ചാണ് താമസം. ചുറ്റിക ഉപയോഗിച്ച് പിതൃമാതാവിനെ അടിച്ചുവീഴ്ത്തി. അവർ തൽക്ഷണം മരിച്ചു. കഴുത്തിൽ കിടന്ന സ്വർണമാലയും കവർന്ന് അവിടെ നിന്നിറങ്ങി. ശേഷം അഫ്നാൻ പോയത് പിതാവിന്റെ ജ്യേഷ്ഠസഹോദരൻ എസ്.എൽ പുരത്തെ ലത്തീഫിന്റെ വീട്ടിലേക്കാണ്. വിമുക്തഭടനായ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലക്കടിച്ച് കൊലപ്പെടുത്തി പേരുമലയിലെ വീട്ടിലേക്ക് മടങ്ങി.
മാതാവ് ഷമീന ചോര വാർന്ന് കിടന്ന വീട്ടിലേക്ക് തന്റെ പെൺസുഹൃത്ത് ഫർസാനയെ അഫ്നാൻ വിളിച്ചു. ഏതാനും കിലോ മീറ്റർ അകലെയുള്ള വീട്ടിൽനിന്ന് ഫർസാന എത്തിയയുടൻ അവളെയും ചുറ്റികകൊണ്ട് അടിച്ചു. അതിനിടെയാണ് ഇളയ അനുജൻ അഫ്സാൻ വീട്ടിലേക്ക് വന്നത്. അനുജനെയും അടിച്ചുവീഴ്ത്താൻ അഫ്നാന് മടിയുണ്ടായില്ല. ശേഷം വീട്ടിലെ ഗ്യാസ് തുറന്നുവിട്ടു. എലി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അഫ്നാൻ പക്ഷേ, തീരുമാനം മാറ്റി.
വിഷം അകത്തുചെന്നതിന്റെ പ്രയാസത്തിൽ ബൈക്കുമെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. പ്രാഥമിക വിവരം ശേഖരിച്ച പൊലീസ് ഇയാളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ നൽകിയ വിവരമനുസരിച്ച് വീടുകളിൽ ചെന്നപ്പോൾ അഫ്നാന്റെ മാതാവ് ഷമീന ഒഴികെയുള്ളവർ മരിച്ചിരുന്നു. ഷമീനയിൽ ജീവന്റെ തുടിപ്പ് കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.