തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃകാപരമായ പ്രവർത്തനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ലക്ഷ്യങ്ങൾ നേടാനും യുവത്വത്തിന് വഴികാട്ടാനും അദ്ദേഹത്തിന് സാധിച്ചു. സംഘടനെ സാമ്പത്തികമായി ശാക്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. നിരന്തരം വർഗീയ പ്രസ്താവനകൾ നടത്തി വെള്ളാപ്പള്ളി നടേശൻ വാർത്തകളിൽ ഇടംനേടുമ്പോഴാണ് പിണറായിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാവരേയും ചേർത്തുപിടിക്കുക എന്ന ആശയമാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനം എസ്എൻഡിപിക്ക് ഉണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്.എൻ.ഡി.പി രൂപീകൃതമായത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാൻ എസ്.എൻ.ഡി.പി പ്രവർത്തിച്ചു. അത് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച പങ്ക് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേർതിരിവുകളും നിലനിൽക്കുന്നു. സമൂഹത്തിൽ വർഗീയത പടർത്തി മനുഷ്യനെ ഭിന്നിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം പലയിടത്തും നടക്കുന്നു. ഇത്തരം പിന്തിരിപ്പൻ ശ്രമങ്ങൾ ഗൗരവമായി കാണണം. നാം തൂത്തെറിഞ്ഞ വർഗീയത അത് ഏതു രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമാണ്.
വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യരുടെ മനസ്സുകളിൽ നട്ടു പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ നമുക്ക് കഴിയണം. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണഗുരുവിനെപ്പോലെയുള്ളവരെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗീയതയുടെ വിഷം വിതയ്ക്കാൻ ഗുരുവിന്റെ തന്നെ ദർശനങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും വർഗീയത എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.