മാനന്തവാടി: കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയലിൽ ഇരട്ടക്കൊലക്കേസിൽ പ്രതി അറസ്റ്റിൽ. നവദമ്പതികളെ അടിച്ചുകൊന്ന സംഭവത്തിൽ കുറ്റ്യാടി തൊട്ടിൽപാലം കാവിലുംപാറ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെയാണ് (45) മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസറ്റ് ചെയ്തത്.
ജൂലൈ ആറിന് രാവിലെയാണ് കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (28), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ജില്ല പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈ.എസ്.പി ഓഫിസിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉച്ചക്ക് 12.25ഓടെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കൊല്ലാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് വീടിന് എതിർവശത്തെ റോഡിന് താഴെയുള്ള കമുകിൻ തോട്ടത്തിെൻറ നീർച്ചാലിൽനിന്ന് പ്രതി കാണിച്ചുകൊടുത്തതനുസരിച്ച് തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുത്തു.
1.25 ഓടെ ഇവിടത്തെ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതിയെ കാണാൻ പ്രദേശത്ത് തടിച്ചുകൂടിയ ജനം പലപ്പോഴും പ്രകോപിതരായെങ്കിലും പൊലീസ് ശാന്തരാക്കി.
തൊട്ടിൽപാലത്തെ വിശ്വനാഥെൻറ വീട്ടിലെത്തിച്ചും തെളിവെടുത്തു. പിന്നീട് കുറ്റ്യാടിയിലെ ജ്വല്ലറിയിൽ എത്തിച്ച് സ്വർണം കണ്ടെടുത്തു. എട്ട് പവനോളമാണ് ഇവിടെ ഒന്നേകാൽ ലക്ഷത്തോളം രൂപക്ക് വിറ്റത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
നിരവധി മോഷണ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച ഇയാൾ ലോട്ടറി വിൽപനയിലൂടെ പ്രദേശത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. ജൂൈല അഞ്ചിന് രാത്രി 10 മണിയോടെ വാതിൽ തുറന്നുകിടന്ന വീട്ടിൽ പ്രവേശിച്ച വിശ്വനാഥൻ ഉറങ്ങിക്കിടന്ന ഫാത്തിമയുടെ കഴുത്തിലെ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെ ഉമ്മർ ഉണർന്നതോടെ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.
ബഹളം കേട്ടുണർന്ന ഫാത്തിമെയയും ഇതേ രീതിയിൽ കൊലപ്പെടുത്തി. തുടർന്ന് തെളിവ് നശിപ്പിക്കാൻ വീടും പരിസരവും മുളകുപൊടി വിതറിയാണ് രക്ഷപ്പെട്ടത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.