‘സി.പി.എമ്മിനെ അവർക്ക് മനസ്സിലായിട്ടില്ല, ഭീഷണിയും വശീകരണവും കൊണ്ട് ബിജെപിയിൽ ചേരുന്ന പാർട്ടിയല്ല’ -വീണയെ ലക്ഷ്യമിടുന്നത് പിണറായിയുടെ മകളായതിനാലെന്ന് എം.എ. ബേബി
തിരുവനന്തപുരം: പിണറായി വിജയന്റെ മകളായതുകൊണ്ടാണ് വീണ വിജയനെ പിടികൂടുന്നതെന്നും അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. എന്തെങ്കിലും ഭീഷണി കൊണ്ടോ വശീകരണ തന്ത്രങ്ങൾ കൊണ്ടോ ബിജെപിയിൽ ചേരുന്ന പാർട്ടി അല്ല സി.പി.എമ്മും അതിന്റെ നേതാക്കളും. അത് ബിജെപിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വീണാ വിജയന് എതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കത്തെ പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എം.എ. ബേബി. പിണറായി വിജയനെ ലക്ഷ്യം വെക്കുന്നതിന്റെ ഭാഗമായിട്ടാണ് വീണാ വിജയനെ ലക്ഷ്യം വെക്കുന്നത്. നേരത്തെ തന്നെ ഈ നീക്കങ്ങൾ ഉയർന്നുവന്നപ്പോൾ പാർട്ടി പ്രതികരിച്ചിരുന്നു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗപ്പെടുത്തുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. സിബിഐ കൂട്ടിലെ തത്തയാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ്.
കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച് എതിർ പാർട്ടികളെ പിളർക്കുക, എതിർപാർട്ടികളിൽ പെട്ടവരെ ഭീഷണിപ്പെടുത്തി ബിജെപിയിലേക്ക് ചേർക്കുക എന്നതാണ് രീതി. ഇങ്ങനെ കോൺഗ്രസിൽ നിന്നും മറ്റു പല പാർട്ടികളിൽ നിന്നും ഒരുപാട് പേരെ ബിജെപി നേടിയെടുത്തിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയാം.
സിപിഎമ്മും അതിന്റെ നേതൃത്വവും ഇത്തരത്തിൽ എന്തെങ്കിലും ഭീഷണി കൊണ്ടോ വശീകരണ തന്ത്രങ്ങൾ കൊണ്ടോ ബിജെപിയിൽ ചേരുകയോ ബിജെപിയുടെ കൂട്ടുകക്ഷിയായിട്ട് മാറുകയോ ചെയ്യുന്ന പാർട്ടി അല്ല. അത് ബിജെപിക്ക് ഇനിയും മനസ്സിലായിട്ടില്ല.
ഇതിൽ വളരെ വിചിത്രമായ കാര്യം കോൺഗ്രസ് നിലപാടാണ്. കർണാടകയിലെ മന്ത്രിമാർക്കും അവിടുത്തെ കോൺഗ്രസ് നേതാക്കന്മാർക്കും എതിരെ ഇഡിയും ഇതുപോലുള്ള ഏജൻസികളും കഴിഞ്ഞ ദിവസങ്ങളിലൊക്കെ നീങ്ങിയിരുന്നു. അതിനെയെല്ലാം അവിടത്തെ കോൺഗ്രസ് എതിർക്കുകയാണ്. അഖിലേന്ത്യാ തലത്തിൽ കേന്ദ്ര ഏജൻസികളെ കോൺഗ്രസിന് നേരെ ഉപയോഗിക്കുന്നതിനെ അവരുടെ അഖിലേന്ത്യാ നേതൃത്വം എതിർക്കുന്നുണ്ട്. എന്നാൽ, കേരള ഗവൺമെന്റ് ഇപ്പോൾ മോദി ഗവൺമെന്റിന്റെ സിപിഎം വേട്ടയോട് കൂട്ടുചേർന്നു നിൽക്കുന്ന വിചിത്രമായ സാഹചര്യമാണുള്ളത്. ഇത് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരും സർക്കാറും രാഷ്ട്രീയമായി വിശദീകരിക്കണം.
മോദിയുടെയും അമിത്ഷായുടെയും മോഹൻഭഗവതിന്റെയും ഏജൻസികൾ കോൺഗ്രസിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കന്മാരെ വേട്ടയാടുന്നതിനെതിരെ പൊതുവിൽ സമീപനം എടുക്കുന്ന കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം, കേരളത്തിലെ വി.ഡി സതീശൻ ഗവൺമെന്റിന്റെ വ്യത്യസ്തമായ സമീപനം അംഗീകരിക്കുന്നുണ്ടോ എന്ന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിശദീകരിക്കണം.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടിക്ക് എതിരായ ഒരു ആക്രമണമാണ് പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം. അതിനെ സിപിഎമ്മിന് നേരിടാൻ കഴിയും. രാഷ്ട്രീയമായും നിയമപരമായും നേരിടും -അദ്ദേഹം പറഞ്ഞു.
ബിജെപിയെ പ്രീതിപ്പെടുത്താൻ സതീശൻ സർക്കാർ ചെയ്യുന്ന കുറെ കാര്യങ്ങൾ നമ്മൾ കാണുന്നുണ്ടല്ലോ. ഇന്ത്യയിൽ ഒരിടത്തും വന്ദേമാതരം പൂർണമായിട്ട് ആലപിച്ചിട്ടില്ല, കേരളത്തിൽ അത് ആലപിക്കുന്നു. പിഎം ശ്രീ നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ഇനിയും ഉപേക്ഷിച്ചിട്ടില്ല. അതിനെക്കുറിച്ച് തർക്കം നടക്കുന്നു എന്ന് കേൾക്കുന്നുണ്ട്. പിന്നെ വൈസ് ചാൻസലർമാരായിട്ട് ആർഎസ്എസ് അനുകൂലികളെ ഗവർണർ നിയമിക്കുന്നതിനെ കുറിച്ച് ഒരു പരാതിയും കേരളത്തിലെ യുഡിഎഫ് ഗവൺമെന്റിന് ഇല്ല. സെനറ്റ് ആർഎസ്എസ്കാരെ കൊണ്ട് നിറക്കുകയാണ്. ഇങ്ങനെയുള്ള അനുഭവങ്ങളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്ന പല കാര്യങ്ങളും ഉണ്ട്. ഇനിയുള്ള നാളുകളിൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ഇഡി വിഷയത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും വിശദീകരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മാസപ്പടി വിഷയത്തിൽ കോൺഗ്രസിന്റെ നിയമജ്ഞൻ കൂടിയായ ഒരു എംഎൽഎ വിജിലൻസ് തലം മുതൽ തള്ളിയപ്പോൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയിരുന്നു. സുപ്രീം കോടതിയിൽ വന്നപ്പോൾ അത് തള്ളുന്നതിനു മുമ്പ് സുപ്രീം കോടതിയിലെ ജഡ്ജിമാർ ചോദിച്ചത് നിങ്ങൾക്ക് ഓർമ്മയുണ്ടാകും. രാഷ്ട്രീയമായി നടത്തേണ്ട സമരം ഇങ്ങനെ കോടതിയിൽ കൊണ്ടുവന്ന് നടത്താൻ നിങ്ങൾ പുറപ്പെട്ടാൽ അത് നല്ല പരിപാടിയല്ലെന്നും ഞങ്ങൾ കൂടുതൽ എന്തെങ്കിലും പറയണോ എന്നുമാണ് ജഡ്ജിമാർ ചോദിച്ചത്. അപ്പോൾ ഒരു തർക്കവും കൂടാതെ പിൻവലിക്കുകയാണ് ചെയ്തത്. ആ ഒരു വിഷയമാണ് ഇപ്പോൾ വീണ്ടും ഇവർ എടുക്കാൻ ഉദ്ദേശിക്കുന്നത്. അതെന്താകുമെന്ന് നമുക്ക് ഇനിയുള്ള നാളുകളിൽ കാണാം -എം.എ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.