വീണാ ജോർജ്
ഇവിടെ ഭരണം കോൺഗ്രസ് അല്ലല്ലോ ബിജെപിയാണല്ലോ; ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ലെന്ന് വീണാ ജോർജ്
കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് സി.പി.എം നേതാവും മുൻ മന്ത്രിയുമായ വീണാ ജോർജ്.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെയും സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ചർച്ചക്ക് ശേഷമാണ്, അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ഇതിൽ പ്രതികരണവുമായാണ് വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ചേട്ടനും അനിയനും കൂടി ചേർന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല -എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
‘സുപ്രീംകോടതി വരെ തള്ളിയ സ്ഥിതിക്ക് ഒന്നും ചെയ്യാനില്ല എന്ന് തിരിച്ചറിഞ്ഞ് ചേട്ടൻ അനിയന് ബാറ്റൺ കൈമാറി. ‘നീ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കെടാ’ - ഇത് കേട്ട പാതി കേൾക്കാത്ത പാതി അനിയൻ എടുത്തു ചാടിയിട്ടുണ്ട്. പുതിയ സ്ഥാനലബ്ധിക്കു വരെ കാരണക്കാരായ ചേട്ടനോടും ടീമിനോടുമുള്ള വിശ്വസ്ഥത കാട്ടാനുള്ള അവസരം ആണല്ലോ. ഇത് വല്ലതും അനിയന്റെ ബോസ് അറിയുന്നുണ്ടോ ആവോ? ‘രാഗാ’ അറിഞ്ഞാലും ഇല്ലെങ്കിലും എന്ത്? ഇവിടെ ഭരണം കോൺഗ്രസ് അല്ലല്ലോ ബിജെപിയാണല്ലോ’ -വീണാ ജോർജ് കുറിച്ചു.
പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആർഎല്ലിൽ നിന്ന് മകൾ വീണ വഴി പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള അന്വേഷണത്തിൽ, സിഎംആർഎല്ലിൽ നിന്ന് വീണ വഴി പണം കൈപ്പറ്റിയതായും ഈ തുക ഹവാല ഇടപാടുകൾ വഴി വിദേശത്തേക്ക് കടത്തിയതായും ഇ.ഡി അവകാശപ്പെട്ടിരുന്നു. വീണയുടെ കൈപ്പടയിലുള്ള കുറിപ്പുകളും കണ്ടെടുത്തെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.